മുൻകൂർ ജാമ്യത്തിലും രക്ഷയില്ല: ബിനോയ് കൊടിയേരിയ്‌ക്കെതിരായ കുരുക്ക് മുറുകുന്നു; നിർണ്ണായകമായ കൂടുതൽ തെളിവുകളുമായി യുവതി കോടതിയിലേയ്ക്ക്
സ്വന്തം ലേഖകൻ
മുംബൈ: ഡാൻസ് ബാറിലെ നർത്തകിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ബിനോയ് കൊടിയേരിയ്‌ക്കെതിരായ കുരുക്ക് മുറുകുന്നു. കേസിൽ നിർണ്ണായകമായ നിരവധി തെളിവുകൾ കോടതിയിൽ യുവതി സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച ബിനോയ് കൊടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിച്ചാലും ഇതിൽ അനുകൂലമായ വിധിയുണ്ടാകില്ലെന്ന സൂചന പുറത്തു വരുന്നത്.
ബിനോയ് സ്വന്തം മെയിൽ ഐഡിയിൽ നിന്നും യുവതിക്കും കുഞ്ഞിനുമയച്ച ദുബായിലേക്കുള്ള വിസയും വിമാന ടിക്കറ്റുകളും യുവതി ഹാജരാക്കിയിട്ടുണ്ട്. ഇത് ഏറെ നിർണ്ണായകമായ തെളിവായി കോടതി പരിഗണിച്ചേയ്ക്കും.
2015 ഏപ്രിൽ 21നാണ് യുവതിക്കും കുഞ്ഞിനും ദുബായ് സന്ദർശിക്കാൻ ബിനോയ് വിസയും വിമാന ടിക്കറ്റുമയച്ചത്. ഈ വിവരങ്ങളടങ്ങിയ ഇ-മെയിൽ തെളിവായി കോടതിയിൽ യുവതിയുടെ അഭിഭാഷകൻ ഉയർത്തിക്കാട്ടിയത് ബിനോയിക്ക് കുരുക്കാകും. വിസയിൽ കുഞ്ഞിന്റെ അച്ഛനും യുവതിയുടെ ഭർത്താവും ബിനോയ് ആണ്. ഇത് ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കാൻ ബിനോയിയുടെ അഭിഭാഷകന് സാധിച്ചില്ലെങ്കിൽ കേസിൽ നിർണായക തെളിവായി മാറും. ബിനോയിക്കെതിരെ ദുബായിൽ ക്രിമിനൽ കേസുള്ളതും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്ന് ഭീഷണിപ്പെടുത്തിയതും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവിനെ സ്വാധീനിച്ചേക്കും.
എന്നാൽ, യുവതിയുടെ ലക്ഷ്യം ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടലാണെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കണമെങ്കിൽ യുവതി നൽകിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് തോന്നണം. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെങ്കിലും പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ ബിനോയിക്ക് മുൻകൂർ ജാമ്യം ലഭിക്കൽ എളുപ്പമല്ലെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം ഒളിവിലുള്ള ബിനോയിയെ കണ്ടെത്താൻ വൈകുന്നത് മുംബൈ പൊലീസിന് തലവേദനയായി മാറുന്നുണ്ട്. മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പൊലീസ് തുടങ്ങി.
പുതിയ തെളിവുകൾ യുവതി ഹാജരാക്കിയതോടെ ബിനോയിയുടെ ജാമ്യം എളുപ്പമാകില്ല. സംസ്ഥാനത്തെ സിപിഎം സെക്രട്ടറിയുടെ മകനെയാണ് അഞ്ചു ദിവസമായി കാണാതായിരിക്കുന്നത്. ബിനോയ് ഒളിവിൽ പോയതിനെ ന്യായീകരിക്കാനാവാതെ സിപിഎമ്മും അണികളും വിഷമിക്കുകയാണ്. സോഷ്യൽ മീഡിയയിലെ സിപിഎമ്മിന്റെ അണികളിൽ പലരും കൊടിയേരിയുടെയും കുടുംബത്തിന്റെയും നിലപാടുകൾക്ക് എതിരെ രംഗത്ത് എത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം കൂടുതൽ പ്രതിരോധത്തിലായിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസ് ഉന്നതന്റെ തണലിലാണ് ബിനോയ് കൊടിയേരി ഒളിവിൽ കഴിയുന്നതെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group