
പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ മുറിയിൽ പൂട്ടിയിട്ട വിവരം പുറത്തറിയിച്ച വ്യക്തിയെ കാണാനില്ലെന്ന് പരാതി. മുതലമട സ്വദേശിയായ ആദിവാസി നിരുനാവുക്ക് അരസിനെയാണ് കാണാതായത്. തുടർന്ന് ആദിവാസി നേതാക്കൾ പൊലീസിൽ പരാതി നൽകി. ഫാംസ്റ്റേ ഉടമ തന്നെ അപായപ്പെടുത്തുമെന്ന അരസിൻ്റെ വീഡിയോ സന്ദേശം ഉൾപ്പടെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
മുതലമടയിലെ ഫാം സ്റ്റേയിലാണ് വെള്ളയൻ എന്ന ആദിവാസി യുവാവിനെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ചത്. സംഭവത്തിൽ വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കൊല്ലംകോട് പോലീസ് കേസെടുത്തു. എസ്സി, എസ്ടിക്കെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു വെള്ളയൻ. ഈ സമയം പ്രദേശത്തെ ഫാം സ്റ്റേയിലെ പറമ്പിൽ ബിയർ കുപ്പി കിടക്കുന്നത് കണ്ട യുവാവ് അതെടുത്ത് കുടിച്ചു. ഇതോടെ ഫാംസ്റ്റേ ഉടമ വെള്ളയനെ മർദ്ദിച്ചെന്നും ഇരുട്ടു മുറിയിൽ പൂട്ടിയിട്ട് ആറു ദിവസത്തോളം പട്ടിണിക്കിട്ടതായുമായിരുന്നു പരാതി. ശുചിമുറി പോലും ഇല്ലാത്ത മുറിയിൽ പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ യുവാവിന് കഴിഞ്ഞില്ല. ഫാംസ്റ്റേയിലെ ഒരു ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്നാണ് മുതലമട പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group