
പട്‌ന: അഴിമതിക്കാര്‍ക്കെതിരെയാണ് എന്‍ഡിഎ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നതെന്നും ആരും ജയിലില്‍ കിടന്നു ഭരിക്കാമെന്ന് ആഗ്രഹിക്കേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതിക്കെതിരേ പോരാടുന്നതിനാണ് അത്തരം നിയമനിര്‍മാണം അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പോലും നിയമത്തിന്റെ പരിധിയില്‍ വരും. അഴിമതിക്കാരാണ് ബില്ലിനെ എതിര്‍ക്കുന്നതെന്നും ബിഹാറിലെ ഗയയില്‍ മോദി പറഞ്ഞു.
അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ഉന്നയിച്ച ബില്ലില്‍ ആദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയില്‍ അഭിപ്രായം പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബില്ല് കൊണ്ടുവന്നതില്‍ ഞെട്ടിയത് അഴിമതിക്കാരാണെന്നും ബില്‍ പാസായാല്‍ ഇത്തരം അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അറസ്റ്റ് ചെയ്യപ്പെട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ജോലി നഷ്ടപ്പെടുന്ന ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ച മോദി, ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും സ്ഥാനമൊഴിയാന്‍ എന്തുകൊണ്ട് നിര്‍ബന്ധിച്ചുകൂടാ എന്നും ചോദിച്ചു.
”ഇന്ന് ആരും നിയമത്തിന് അതീതരായിരിക്കരുത്. എന്നാല്‍ ചില മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, അല്ലെങ്കില്‍ പ്രധാനമന്ത്രിമാര്‍ പോലും ജയിലില്‍ കഴിയുമ്പോള്‍ അധികാരം ആസ്വദിക്കുന്നു. അതെങ്ങനെ സാധ്യമാകും? ഒരു സര്‍ക്കാര്‍ ജീവനക്കാരനെ 50 മണിക്കൂര്‍ തടവിലാക്കിയാല്‍, അയാള്‍ക്ക് ജോലി നഷ്ടപ്പെടും. അത് ഡ്രൈവറായാലും ക്ലാര്‍ക്കായാലും പ്യൂണായാലും എല്ലാം. എന്നാല്‍, ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലില്‍ നിന്നുപോലും സര്‍ക്കാരിന്റെ ഭാഗമായി തുടരാന്‍ സാധിക്കും. എന്‍ഡിഎ സര്‍ക്കാര്‍ അഴിമതിക്കെതിരെ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്, പ്രധാനമന്ത്രിയും അതിന്റെ പരിധിയില്‍ വരും”, അദ്ദേഹം പറഞ്ഞു.