play-sharp-fill
എച്ച്എന്‍എല്ലിനെ രക്ഷിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് തോമസ് ചാഴികാടന്‍

എച്ച്എന്‍എല്ലിനെ രക്ഷിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് തോമസ് ചാഴികാടന്‍

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് വില്‍ക്കാനുള്ള നീക്കം ഉപേക്ഷിച്ച് പുനരുദ്ധാരണ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് തോമസ് ചാഴികാടന്‍ എംപി ലോക്സഭയില്‍. എച്ച്എന്‍എല്‍ മിനി നവരത്ന വിഭാഗത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്. 1983ലാണ് കേന്ദ്ര ഖനവ്യവസായ വകുപ്പിന്റെ കീഴില്‍ പൊതുമേഖല സ്ഥാപനമായി കോട്ടയം ജില്ലയിലെ വെള്ളൂരില്‍ എച്ച്എന്‍എല്‍ ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്തയിലെ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന്റെ ഉപസ്ഥാപനമായാണ് ഇതു തുടങ്ങിയത്. ഇപ്പോള്‍ വില്‍ക്കാനുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ സര്‍ക്കാര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ഈ കാലഘട്ടത്തിനിടയ്ക്ക് എച്ച്എന്‍എല്ലിനെ ആധുനീകവത്കരിക്കാനോ നിലവാരം ഉയര്‍ത്താനോ, സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ഇക്കാലയളവില്‍ പ്രവര്‍ത്തന മികവിലായിരുന്ന കമ്പനി സര്‍ക്കാര്‍ ഇതിനായി മുതല്‍ മുടക്കിയ തുകയേക്കാള്‍ കൂടിയ തുക നികുതി, എക്സൈസ് തീരുവ, ഡിവിഡന്റ് എന്നീ ഇനങ്ങളില്‍ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, 2018ല്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്ലാന്റ് പൂട്ടി. നിലവില്‍ പ്രവര്‍ത്തന മൂലധനമില്ലാതെ എച്ച്എന്‍എല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ആയിരക്കണക്കിനു വരുന്ന ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും കഴിഞ്ഞ എട്ടുമാസമായി ശമ്പളമില്ലാത്ത സാഹചര്യമാണുള്ളത്. ഇത് പ്രത്യക്ഷമായും പരോക്ഷമായും നിരവധി കുടുംബജീവിതങ്ങളെയും ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് എച്ചഎന്‍എല്ലിനെ സാമ്പത്തിക പരാധീനതകളില്‍ നിന്ന് കരകയറ്റാനും വില്‍പന തടയാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു.