21 ദിവസമായി ഉറ്റവരുടെ വരവും കാത്ത് മോഹന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ;ഏറ്റെടുക്കാൻ ആരുമില്ലാത്ത സാഹചര്യത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം മറവു ചെയ്യാനൊരുങ്ങി പൊലീസ്

Spread the love

ഏറ്റുമാനൂർ: 21 ദിവസമായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ കിടക്കുകയാണ് കുറവിലങ്ങാട് സ്വദേശി മോഹന്റെ(68) മൃതദേഹം. ഏറ്റെടുക്കാൻ ആരുമില്ലാത്ത സാഹചര്യത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം മറവു ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

കഴിഞ്ഞ മാസം 17ന് രാവിലെ 9ന് ആണ് തെള്ളകം ജംക്‌ഷനിലെ കടത്തിണ്ണയിൽ അവശനിലയിൽ കിടക്കുന്ന വയോധികനെ നാട്ടുകാർ കണ്ടെത്തുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഏറ്റുമാനൂർ എസ്ഐ കെ.പി.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.

ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന രോഗി ഇടയ്ക്കെപ്പോഴോ ബോധം വന്നപ്പോൾ പേര് മോഹൻ എന്നാണെന്നും കുറവിലങ്ങാട് ആണ് സ്ഥലമെന്നും ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. ഈ വിവരങ്ങൾ ചികിത്സാ രേഖകളിൽ ചേർത്തിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ 31ന് അസുഖം മൂർച്ഛിച്ച് ‌ മോഹൻ മരിച്ചു. അന്നു മുതൽ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലാണ് മൃതദേഹം. ഈ കാലയളവിനിടയിൽ മോഹനെ തേടി ആരും വന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറവിലങ്ങാട് കേന്ദ്രീകരിച്ച് മോഹന്റെ ഉറ്റവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് മൃതദേഹം മറവു ചെയ്യാൻ‌ തീരുമാനിച്ചത്. ബന്ധുക്കളുണ്ടെങ്കിൽ കോട്ടയം മെഡിക്കൽ കോളജിലോ ഏറ്റുമാനൂർ പൊലീസിലോ ബന്ധപ്പെട്ടാൽ മ‍ൃതദേഹം കൈമാറുമെന്ന് ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്.അൻസൽ പറഞ്ഞു. ഫോൺ: 9497987075, 0481 2535517.