
ന്യൂഡല്‍ഹി: അമേരിക്ക തേടിയ കൊടുംകുറ്റവാളിയെ ഇന്ത്യയിൽ നിന്നും പിടികൂടി. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പത്ത് കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സിൻഡി റോഡ്രിഗസ് സിങ്ങിനെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
2022-ലാണ് ഇവരുടെ മകന് നോയല്‍ റോഡ്രിഗസ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണയില്‍നിന്ന് രക്ഷപ്പെടാന്‍ 2023 മാര്‍ച്ചില്‍ ഇവര്‍ യുഎസില്‍നിന്ന് കടന്നുകളയുകയായിരുന്നു.
ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് അര്‍ഷ്ദീപ് സിങ്ങിനും ആറുമക്കള്‍ക്കുമൊപ്പം 2023 മാര്‍ച്ച് 23-ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഇവരെ അവസാനമായി കണ്ടത്. നോയലിനെ കാണാതായി വളരെക്കുറച്ച് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. അന്വേഷണത്തിന്റെ ഭാഗമായെത്തിയ ഉദ്യോഗസ്ഥരോട്, മെക്സിക്കോയില്‍ സ്വന്തം പിതാവിനൊപ്പമാണ് നോയലെന്ന് സിന്‍ഡി കള്ളംപറയുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 ഒക്ടോബര്‍ 31-നാണ് സിന്‍ഡിക്കുമേല്‍ കൊലക്കുറ്റം ആരോപിക്കപ്പെടുന്നത്. നോയലിനെ ഒരു ദോഷമായാണ് സിന്‍ഡി കണക്കാക്കിയിരുന്നതെന്നും ഒരുപക്ഷേ അവനില്‍ ബാധ കൂടിയിരുന്നെന്ന് അവര്‍ സംശയിച്ചിരുന്നതായും അന്വേഷണ ഏജന്‍സികള്‍ക്ക് സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
തന്റെ ഇരട്ടക്കുട്ടികളെ നോയല്‍ അപകടപ്പെടുത്തുമെന്നും സിന്‍ഡി ഭയന്നിരുന്നു. ഗുരുതര ശ്വാസകോശബാധിതനായ നോയലിന് ഓക്സിജന്‍ സപ്പോര്‍ട്ട് ആവശ്യമായിരുന്നു. എന്നിരുന്നിട്ടും സിന്‍ഡി കുട്ടിയെ ഉപദ്രവിക്കുകയും പട്ടിണിക്കിടുകയും കുടിവെള്ളം നിഷേധിക്കുകയും ചെയ്തിരുന്നു.
2024-ല്‍ സിന്‍ഡിക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ ജൂലൈമാസത്തിലാണ് മോസ്റ്റ് വാണ്ടഡ് കുറ്റവാളിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിലെ നാലാംപേരുകാരിയായിരുന്നു സിന്‍ഡി.
ഇന്ത്യന്‍ അധികൃതരുടെയും ഇന്റര്‍പോളിന്റെയും കൂടി സഹായത്തോടെയാണ് സിന്‍ഡിയെ അറസ്റ്റ് ചെയ്തത്. യുഎസിലേക്ക് കൊണ്ടുപോകുന്ന സിന്‍ഡിയെ ശേഷം ടെക്സാസിലെ അധികൃതര്‍ക്ക് കൈമാറുമെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.