
തിരുവനന്തപുരം: ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം.എല്‍.എ സ്ഥാനത്തിന് തത്കാലം ഭീഷണിയില്ല.
ഈ കേസില്‍ അറസ്റ്റടക്കം കൂടുതല്‍ നടപടികളുണ്ടായാല്‍ പോലും രാഹുലിന് രാജിവയ്ക്കേണ്ടി വരില്ല.
രാഹുലിനെതിരേ പരാതികളുണ്ടായാല്‍ കേസെടുക്കുമെന്ന നിലപാടിലാണ് പോലീസ്. നിയമപ്രകാരം എം.എല്‍.എ അറസ്റ്റിലായ ശേഷം 24 മണിക്കൂറിനകം പൊലീസ് നിയമസഭാ സ്പീക്കറെ അറിയിച്ചാല്‍ മതി.
നിയമസഭ സമ്മേളിക്കുമ്പോള്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്താല്‍ വിവരം സ്പീക്കർ സഭാംഗങ്ങളെ അറിയിക്കേണ്ടതുണ്ട്. സഭാ സമ്മേളനം നടക്കാത്തപ്പോഴാണ് അറസ്‌റ്റെങ്കില്‍ ഇക്കാര്യം ബുള്ളറ്റിനായി സഭയുടെ അറിവിലേക്ക് പ്രസിദ്ധീകരിക്കണമെന്നാണ് ചട്ടം.
അതേസമയം, അടുത്തിടെ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ മുകേഷ് എം.എല്‍.എ അടക്കമുള്ളവരെ സംരക്ഷിച്ച സി.പി.എം നിലപാടാണ് രാഹുലിനുള്ള പിടിവള്ളി.
ലൈംഗികരോപണം നേരിടുന്ന മുകേഷ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായി പറഞ്ഞിരുന്നു. ലൈംഗികാരോപണം നേരിട്ട എം.എല്‍.എമാർ ആരും രാജി വച്ചിട്ടില്ലെന്നും രാജ്യത്ത് ഇത്തരം ആരോപണം നേരിടുന്ന നിരവധി എം.പിമാരും എം.എല്‍.എമാരും ഉണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് 16 എം.പിമാരും 135 എം.എല്‍.എമാരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അതില്‍ ബി.ജെ.പി 54, കോണ്‍ഗ്രസ് 23, ടി.ഡി.പി 17, ആം ആദ്മി പാർട്ടി 13 എന്നിങ്ങനെ വിവിധ കക്ഷികളില്‍ പെട്ടവർ ഇത്തരം കേസുകളില്‍ പ്രതിയായിട്ടുള്ളവരാണ്. അവരാരും എം.എല്‍.എ സ്ഥാനം രാജി വച്ചിട്ടില്ല.
കേരളത്തില്‍ ഇപ്പോള്‍ രണ്ട് എം.എല്‍.എമാർക്കെതിരെ കേസ് ഉണ്ട്. ഇതില്‍ ഒരാള്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, അനില്‍കുമാർ, ഹൈബി ഈഡൻ, പീതാംബരക്കുറുപ്പ്, ശശി തരൂർ എന്നിവരുടെയെല്ലാം പേരില്‍ ഇത്തരം ആരോപണങ്ങള്‍ ഉയർന്നുവന്നെങ്കിലും ഇവരാരും എം.എല്‍,എ സ്ഥാനമോ എം.പി സ്ഥാനമോ രാജിവച്ചിട്ടില്ല.
പി.ജെ. ജോസഫ്, നീലലോഹിത ദാസൻ നാടാർ, ജോസ് തെറ്റയില്‍ ഇവരാരും എം.എല്‍.എ സ്ഥാനം രാജി വച്ചിട്ടില്ല. മന്ത്രിസ്ഥാനമാണ് രാജി വച്ചത്.
കുറ്റം ആരോപിക്കപ്പെട്ടയാള്‍ നിയമസഭാംഗത്വം രാജി വച്ചാല്‍ പിന്നീട് നിരപരാധിയാണെന്ന സാഹചര്യം വന്നാല്‍ അവരെ തിരിച്ചെടുക്കുന്നതിനുള്ള നിയമസംവിധാനം ഇല്ല. അത്തരമൊരു നിലപാട് സാമാന്യ നീതി നിഷേധിക്കലാവും- ഗോവിന്ദന്റെ ഈ വാക്കുകളാണ് രാഹുലിന് ഇപ്പോള്‍ തുണയാവുന്നത്.
അതേസമയം, രാഹുലിനെതിരേ ആരെങ്കിലും പരാതിപ്പെട്ടാല്‍ കേസെടുക്കാമെന്ന നിലപാടിലാണ് പോലീസ്. സ്ത്രീകളുടെ ഇൻബോക്സിലേക്ക് അശ്ലീല മെസേജുകള്‍ അയക്കുക, സ്ത്രീകളെ കുറിച്ച് കൂട്ടുകാരോട് ലൈംഗിക ചുവയുള്ള അപവാദ പ്രചാരണങ്ങള്‍ നടത്തുക, ഗർഭഛിദ്രത്തിന് സമ്മർദ്ദപ്പെടുത്തുക എന്നിവയെല്ലാം കേസെടുക്കാൻ പര്യാപ്തമാണ്. ഇടത് യുവജന സംഘടനകള്‍ രാഹുലിനെതിരേ പരാതി നല്‍കാനും കേസെടുപ്പിക്കാനുമുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം.