രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമെന്ന പ്രഖ്യാപനം ഇന്ന്:മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക: വൈകിട്ട് തിരുവനന്തപുരത്താണ് പരിപാടി.

Spread the love

തിരുവനന്തപുരം:രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമെന്ന പ്രഖ്യാപനം ഇന്ന്.

തിരുവനന്തപുരത്ത് ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക.

സംസ്ഥാനത്ത് 14നും 60നും ഇടയ്ക്ക് പ്രായമുള്ള 99 ശതമാനം ആളുകള്‍ ഡിജിറ്റല്‍ സാക്ഷരത നേടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ലാണ് ഡിജി കേരളം എന്ന ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം സര്‍ക്കാര്‍ ആരംഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചപ്പോള്‍ സാധാരണക്കാര്‍ക്കത് ബാധ്യതയാകാതിരിക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി.

ഡിജിറ്റല്‍ സാക്ഷരരല്ലാത്ത, 14 വയസിന് മുകളിലുള്ളവരുടെ വിവര ശേഖരണം നടത്തി. 83.45 ലക്ഷം കുടുംബങ്ങളില്‍ നിന്നായി ഒന്നരക്കോടിയോളം ആളുകള്‍ക്കിടയില്‍ സര്‍വേ നടത്തി. അവരില്‍ നിന്ന് തെരഞ്ഞെടുത്ത 21,88,398 പേര്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കി. ഇവരില്‍ 99.98 ശതമാനം പേര്‍ വിജയിച്ച്‌ ഡിജിറ്റല്‍ സാക്ഷരതാ സര്ട്ടിഫിക്കറ്റും നേടി.

അതില്‍ തന്നെ 15,223 പേര്‍ 90 വയസിന് മുകളിലുള്ളവരാണ്. 90 ശതമാനം ആണ് ദേശീയ മാനദണ്ഡമെന്നിരിക്കെയാണ് കേരളത്തിന്റെ നേട്ടമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ നടത്തിയ സര്‍വെ പോലും സുതാര്യമല്ലെന്ന കടുത്ത വിമര്‍ശനം ആണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

മൂന്ന് മോഡ്യൂളുകളിലായി 15 ആക്റ്റിവിറ്റികള്‍ തയ്യാറാക്കി വിശദമായ പരിശീനവും വിലയിരുത്തലുമാണ് പഠിതാക്കള്‍ക്കിടയില്‍ നടത്തിയതെന്ന് തദ്ദേശ ഭരണ വകുപ്പ് വിശദീകരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം, സര്‍ക്കാറിന്റെ ഇ സേവനങ്ങള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവയാണ് പാഠ്യവിഷയങ്ങള്‍. അതേസമയം ഡിജി കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെല്ലാം തെരഞ്ഞെടുപ്പ് ഗിമ്മിക്കുകളാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.