
ആറ്റിങ്ങൽ: റെയിൽവേ റിക്രൂട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയിൽ പങ്കെടുത്ത യുവതിയുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ.
പരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർആർബി തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ വനിതാ പൊലീസ് കോൺസ്റ്റബിൾ കൊല്ലം പള്ളിമൺ ഇളവൂർ പാർവതി നിവാസിൽ എ.പാർവതിയാണ് കരയുന്ന കുഞ്ഞിന് പാലൂട്ടിയത്.
ഇന്നലെ രാവിലെ എട്ടരയോടെ നഗരൂർ രാജധാനി എൻജിനീയറിങ് കോളജിൽ ആണ് സംഭവം. പട്ടം സ്വദേശിയായ യുവതി ഭർത്താവിനും രണ്ട് മാസം പ്രായമായ കൈക്കുഞ്ഞിനും ഒപ്പമാണ് പരീക്ഷയ്ക്കെത്തിയത്.
7.30 മുതൽ 8.30 വരെയാണ് പരീക്ഷാ ഹാളിൽ പ്രവേശിക്കേണ്ട സമയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ഞിന്റെ മാതാവ് പരീക്ഷാ ഹാളിൽ പ്രവേശിച്ച് ആദ്യത്തെ ലോഗിൻ പ്രക്രിയയും പൂർത്തിയാക്കിക്കഴിഞ്ഞ ശേഷമാണ് കുഞ്ഞ് നിർത്താതെ കരയാൻ തുടങ്ങിയത്. കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞുമായി യുവതിയുടെ ഭർത്താവ് പരീക്ഷ നടക്കുന്ന കെട്ടിടത്തിന് സമീപമെത്തി സഹായം അഭ്യർഥിച്ചു.
പരീക്ഷാഹാളിൽ പ്രവേശിച്ച യുവതിക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കിയ പാർവതി കുഞ്ഞിന് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. തന്റെ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ മുഖമാണ് ആ സമയത്ത് മനസ്സിൽ തെളിഞ്ഞതെന്ന് പാർവതി പറഞ്ഞു.
പരീക്ഷാ ഹാളിൽ നിന്നു പുറത്തിറങ്ങിയ കുഞ്ഞിന്റെ മാതാവ് ഭർത്താവിനൊപ്പം പാർവതിയെ നേരിൽ കണ്ട് നന്ദിയറിയിച്ചാണ് മടങ്ങിയത്.