ഇ-മാലിന്യ പ്രശ്‌നത്തിന് പരിഹാരം; മാലിന്യം കൊടുത്താൽ ഹരിതകർമസേന ഇങ്ങോട്ട് കാശ് തരും; ഇതുവരെ കൊടുത്തത് 2,63,818.66 രൂപ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-മാലിന്യ പ്രശ്‌നത്തിന് ശാസ്ത്രീയമായി പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കിവരുന്ന ജനകീയ പദ്ധതി വൻവിജയം. ഒരു മാസം മുൻപ് ഹരിതകർമസേനയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇ-മാലിന്യ ശേഖരണ പദ്ധതിയിലൂടെ ഇതുവരെ ഖേരിച്ചത് 33,945 കിലോ മാലിന്യമാണ്.

ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. അപകടകരമല്ലാത്ത 44 തരത്തിലുള്ള ഇലക്ട്രിക്കൽ-ഇലക്ട്രോണിക് ഉപകരണ മാലിന്യങ്ങളാണ് ഹരിതകർമസേന വില നൽകി ശേഖരിക്കുന്നത്. ഇതുവരെ ശേഖരിച്ച ഇ-മാലിന്യത്തിന് പകരമായി ഹരിതകർമസേന 2,63,818.66 രൂപ നൽകിയിട്ടുണ്ട്.

വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ-മാലിന്യങ്ങൾക്ക് നൽകുന്ന തുക ഹരിതകർമസേന കൺസോർഷ്യത്തിന്റെ ഫണ്ടിലോ തദ്ദേശസ്ഥാപനങ്ങളുടെ പ്രത്യേക ഫണ്ടിലോ നിന്നാണ് നൽകുന്നത്. തുടർന്ന്, മാലിന്യം ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുമ്പോൾ നൽകിയ തുക ഹരിതകർമസേനയ്ക്ക് തിരിച്ചു ലഭിക്കുന്നു. നിലവിൽ നഗരസഭകളിൽ മാത്രമായി നടപ്പിലാക്കുന്ന ഈ പദ്ധതി, അടുത്ത മാസം മുതൽ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതി ആരംഭിക്കുന്നതിന് മുൻപ്, ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുനഃസംസ്‌കരണം സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, ഇ- മാലിന്യത്തിന്‍റെ വില എന്നീ വിഷയങ്ങളിൽ ഹരിതകർമസേനയ്ക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഈ പദ്ധതിയുടെ വിജയം, മാലിന്യ നിർമാർജനത്തിൽ കേരളം കൈവരിക്കുന്ന സുപ്രധാന നേട്ടമായി കണക്കാക്കാം.