
തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം കോളേജിലുണ്ടായ സംഘർഷത്തിൽ 6 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഘർഷത്തിൽ ഡിഗ്രി ഫൈനൽ വിദ്യാർത്ഥിയായ ദേവചിത്തിനെ എബിവിപി പ്രവർത്തകർ ക്രൂരമായി മർദിച്ച സംഭവം പുറത്തുവന്നിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. 15 വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതായാണ് പരാതി.
വിദ്യാത്ഥിയെ മാരക ആയുധം കൊണ്ട് മർദിച്ച പാടുകളും ശരീരത്തിലുണ്ട്. അതേസമയം, എബിവിപിയുടെ പരിപാടിക്ക് പങ്കെടുക്കാത്തതാണ് മർദ്ദനത്തിന് കാരണമെന്ന് വിദ്യാർത്ഥി പറയുന്നു. നെയ്യാറ്റിൻകര സ്റ്റേഷനിലെ എഎസ്ഐ ഹരീഷിൻ്റെ മകനാണ് ദേവചിത്ത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.