
ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിക്ക് പിന്തുണയെന്ന് വൈഎസ്ആർ കോൺഗ്രസ്. സി പി രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ വൈഎസ്ആർ കോൺഗ്രസ് അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി അറിയിച്ചു. സുദർശൻ റെഡ്ഡി എതിർ സ്ഥാനാർത്ഥിയായത് കൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും വൈഎസ്ആർ കോൺഗ്രസ് വ്യക്തമാക്കി. 11 എംപിമാരാണ് വൈഎസ്ആർ കോൺഗ്രസിനുള്ളത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ ആർക്കെന്ന തീരുമാനം പിന്നീടെന്ന് ബിആർഎസ് അറിയിച്ചു.
അതേസമയം, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുടെ പേര് ഒറ്റക്കെട്ടായി നിശ്ചയിച്ചിരിക്കുകയാണ് ഇന്ത്യ സഖ്യം. ആർഎസ്എസിനെതിരെ ഭരണഘടന സംരക്ഷിക്കാനുള്ള ആശയ പോരാട്ടമാണിതെന്ന് ഇന്ത്യ സഖ്യനേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ ഇൻഡ്യാ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദർശൻ റെഡ്ഡി. 2007 മുതൽ 2011 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു. ജനസംഖ്യയുടെ 60 ശതമാനത്തെ പ്രതിനീധീകരിക്കുന്ന പാർട്ടികൾ ചേർന്ന് തൻ്റെ പേര് നിശ്ചയിച്ചതിൽ സന്തോഷമെന്ന് ജസ്റ്റിസ് സുദർശൻ റെഡ്ഡി പ്രതികരിച്ചു. സിപി രാധാകൃഷ്ണനെ എതിരില്ലാതെ തെരഞ്ഞെടുക്കാനുള്ള എൻഡിഎ നീക്കം ഇതോടെ പൊളിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group