play-sharp-fill
പീരുമേട്ടിലെ കസ്റ്റഡി മരണം ; പൊലീസ് വാദത്തെ തള്ളി ജയിൽ സൂപ്രണ്ടിന്റെ നിർണായക വെളിപ്പെടുത്തൽ

പീരുമേട്ടിലെ കസ്റ്റഡി മരണം ; പൊലീസ് വാദത്തെ തള്ളി ജയിൽ സൂപ്രണ്ടിന്റെ നിർണായക വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിൻറെ തെളിവെടുപ്പ് ഇന്ന് നടക്കാനിരിക്കെ നിർണായക വെളിപ്പെടുത്തലുമായി പീരുമേട് ജയിൽ സൂപ്രണ്ട്. ജയിലിൽ എത്തിക്കുമ്പോൾ രാജ്കുമാറിൻറെ സ്ഥിതി മോശമായിരുന്നു. മോശം ആരോഗ്യാവസ്ഥയിലുണ്ടായിരുന്ന പ്രതിയെ പൊലീസുകാർ എടുത്താണ് ജയിലിനകത്ത് എത്തിച്ചതെന്നും പിറ്റേന്ന് നില കൂടുതൽ വഷളായപ്പോൾ പീരുമേട് ആശുപത്രിയിൽ കൊണ്ടുപോയെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.രാജ്കുമാറിൻറെ കാലിന് മുറിവേറ്റിരുന്നു. ഇയാൾ നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലുമായിരുന്നു. ഇതെന്ത് പറ്റിയെന്ന് പൊലീസുകാർ ചോദിച്ചപ്പോൾ ഓടി മതിലിൽ കയറി, അവിടെ നിന്ന് വീണതാണെന്ന് പ്രതി പറഞ്ഞുവെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു. എന്നാൽ വെളിപ്പെടുത്തലിന് ആധികാരികതയില്ലെന്നാണ് പൊതുവിൽ ഉയരുന്ന ആരോപണം.പൊലീസ് പറഞ്ഞത് 16-ാം തിയ്യതി രാവിലെ 8.30 നാണ് പ്രതിയെ ജയിലിലെത്തിച്ചതെന്നായിരുന്നു. എന്നാൽ ഇതിന് വിപരീതമായി 17-ാം തിയ്യതി പുലർച്ചെ ഒന്നരക്കാണ് രാജ് കുമാറിനെ ജയിലിലെത്തിച്ചതെന്നാണ് ജയിൽ സൂപ്രണ്ട് പറയുന്നത്. പിറ്റേന്ന് കാലത്തേക്ക് കുഴഞ്ഞ് വീഴുന്ന അവസ്ഥയിലേക്ക് രാജ് കുമാറിൻറെ സ്ഥിതി വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.കേസിൽ എറണാകുളം ക്രൈംബ്രാഞ്ച് ഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം കേസന്വേഷിക്കുന്നത്. മരിച്ച രാജ് കുമാറിൻറെ സ്ഥാപനമായ ഹരിതാ ഫൈനാൻസിയേഴ്‌സിലും പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.അന്വേഷണത്തിൻറെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 15 ദിവസത്തിനകം നൽകാനാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ സംഭവത്തിൽ നാല് പൊലീസുകാരെ കൂടി സസ്‌പെൻഡ് ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റർ റോയ് പി വർഗീസ്, അസിസ്റ്റൻറ് റൈറ്റർ ശ്യാം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, ബിജു എന്നിവർക്കാണ് സസ്‌പെൻഷൻ. കൃത്യ നിർവഹണത്തിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാലിൻറേതാണ് നടപടി.ഇതോടെ കേസിൽ സസ്‌പെൻഷനിൽ ആവുന്ന പൊലീസുകാരുടെ എണ്ണം എട്ടായി. ഒമ്പത് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻറിലായ വാഗമൺ സ്വദേശി രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് രാജ് കുമാറിൻറെ മരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.