video
play-sharp-fill

Thursday, August 21, 2025

കോട്ടുവള്ളിയിൽ വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം: ആരോപണ വിധേയനായ റിട്ട.പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾ

Spread the love

കൊച്ചി: പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളെന്ന് വിവരം. വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയതിനാണ് പ്രദീപ് കുമാർ നടപടി നേരിട്ടത്. 2018ൽ പറവൂർ സി ഐയുടെ ഡ്രൈവറായിരുന്നു പ്രദീപിനെ കൈകൂലി വാങ്ങിയതിന്റെ പേരിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രദീപ് അന്ന് സസ്‌പെൻഷനിലുമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്.

റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പറവൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് പോലും ബിന്ദുവിൽ നിന്നും ഭർത്താവിൽ നിന്നും ഭീഷണി ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്.

ഭീഷണിയെ കുറിച്ച് ആശ ആലുവ റൂറല്‍ എസ്പിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ പലിശക്കാര്‍ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ ആശ എഴുതിയ ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ആശയ്ക്ക് പണം നൽകിയ ബിന്ദുവും ഭർത്താവും വീട്ടിൽ ഇല്ലെന്ന് വിവരം. ഇന്നലെ വൈകിട്ടോടെ രണ്ടുപേരും വീട്ടിൽ നിന്ന് പോയെന്ന് അയൽവാസികൾ പറയുന്നു. ആശ ആത്മഹത്യ ചെയ്തതോടെ ഇരുവരും വീടുവിട്ടുപോവുകയായിരുന്നു. സംഭവത്തിൽ പൊലീസിനെതിരേയും വ്യാപകമായി ആരോപണങ്ങൾ ഉയരുന്നുണ്ട്.