
കാസർകോട്: കാസർഗോഡ് സ്കൂൾ പ്രധാനാധ്യാപകന്റെ മർദനത്തിൽ പത്താക്ലാസ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ പ്രധാനദ്ധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാദ്ധ്യാപൻ പനയാൽ ബട്ടത്തൂരിലെ എം. അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. പത്താംക്ലാസ് വിദ്യാർത്ഥി അഭിനവ് കൃഷ്ണയ്‌ക്കാണ് (15) മർദ്ദനമേറ്റത്. അശോകൻ നിർബന്ധിത അവധിയിലാണ്.
ബേക്കൽ ഡിവൈ.എസ്.പി വി.വി. മനോജ് സ്‌കൂളിൽ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അടിച്ചുപരിക്കേൽപ്പിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം കേസെടുത്തത്. വിശദമായ അന്വേഷണത്തിന് ശേഷമേ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കൂ. കുട്ടിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പൊലീസ് ശേഖരിക്കും.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം ബി. മോഹൻ കുമാർ ഇന്നലെ വീട്ടിലെത്തി കുട്ടിയിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മൊഴിയെടുത്തു. കുണ്ടംകുഴി സ്‌കൂളിലെത്തിയും അദ്ദേഹം തെളിവെടുത്തു. പൊലീസിൽ നിന്ന് മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അശോകന്റേത് ഗുരുതര വീഴ്ച
സംഭവത്തിൽ അശോകന് ഗുരുതരമായ വീഴ്‌ചയുണ്ടായെന്ന് കാസർകോട് ഡി.ഡി.ഇ ടി.വി. മധുസൂദനന്റെ റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെയും നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. കുട്ടികളെ സംരക്ഷിക്കണമെന്ന സർക്കാർ നിർദ്ദേശം പാലിക്കാത്ത നിലപാടാണ് അശോകന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.




