നിരോധിതമേഖലയില്‍ പറക്കുന്ന ഡ്രോണിനെ തകര്‍ക്കാൻ തോക്ക്; സമരങ്ങളെ നേരിടാൻ ഹെല്‍മെറ്റും ഷീല്‍ഡും; പോലീസില്‍ 46 കോടിയുടെ നവീകരണം; അനുമതി നൽകി സർക്കാർ

Spread the love

തിരുവനന്തപുരം: നിരോധിതമേഖലയില്‍ പറക്കുന്ന ഡ്രോണുകളെ വെടിവെച്ചിടാനുള്ള തോക്കും സമരങ്ങളെ നേരിടാൻ ഹെല്‍മെറ്റും ഷീല്‍ഡും ഉള്‍പ്പെടെ വാങ്ങി പോലീസ് സേനാ നവീകരണത്തിന് സർക്കാർ അനുമതി.

ഡ്രോണുകളുടെ പൈലറ്റുമാർക്ക് പരിശീലനം നല്‍കുന്നതിനും പണം നീക്കിവെച്ചിട്ടുണ്ട്.
വിവിധ ജില്ലകള്‍ക്കായിട്ടാണ് ഇത്തരം തോക്കുകള്‍ വാങ്ങുക. ഡ്രോണ്‍ ലാബിനായും പണമനുവദിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ട 49.72 കോടി രൂപയുടെ വിവിധപദ്ധതികളില്‍ 46.60 കോടിക്ക് അനുമതി നല്‍കി.

സമരവേലിയേറ്റങ്ങളുണ്ടാകുമ്പോള്‍ ആള്‍ക്കൂട്ടത്തെ നേരിടുന്നതിന് പോലീസിന് ഉപകരണങ്ങള്‍ തികയുന്നില്ലെന്ന പരാതിയുയർന്നിരുന്നു.
80 ലക്ഷം രൂപ ചെലവില്‍ വൈസറുള്ള ഹെല്‍മെറ്റുകളും ശരീരസംരക്ഷണത്തിനുള്ള ഷീല്‍ഡുകളും വാങ്ങും. ഇരുചക്രവാഹനമോടിക്കുന്നവർ ഉപയോഗിക്കുന്നതരത്തിലുള്ള ഹെല്‍മെറ്റും ധരിച്ച്‌ സമരങ്ങളെ നേരിടേണ്ട അവസ്ഥയ്ക്ക് ഇത് പരിഹാരമുണ്ടാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിനുകീഴിലുള്ള സംസ്ഥാന ഫൊറൻസിക് ലാബില്‍ ആധുനിക പരിശോധനാസംവിധാനങ്ങള്‍ക്കുള്ള ഉപകരണങ്ങളും വാങ്ങും. മൂന്ന് ട്രൈനോക്കുലർ റിസർച്ച്‌ മൈക്രോസ്കോപ്പ് ഉള്‍പ്പെടെയാണിത്. സംസ്ഥാന ഫിംഗർപ്രിന്റ് ബ്യൂറോയ്ക്കും ആധുനിക ഉപകരണങ്ങള്‍ എത്തിക്കും.

നമ്പർപ്ലേറ്റുകള്‍ തിരിച്ചറിയാനാകുന്ന പോലീസിന്റെ ക്യാമറ കൂടുതല്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കും. ഇതില്‍ മുഖം തിരിച്ചറിയാനുമാകും. കണ്‍ട്രോള്‍റൂമുകളും നവീകരിക്കും. സൈബർ ക്രൈം അന്വേഷണത്തിനായും പുതിയസംവിധാനങ്ങള്‍ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്.