കോട്ടയം മെഡിക്കൽ കോളജിൽ അമ്മയുടെ ശസ്ത്രക്രിയയ്ക്കായി എത്തിയ യുവാവിന്റെ ബൈക്ക് മോഷണം പോയി; ആശുപത്രി വളപ്പിലെ സിസിടിവികൾ പ്രവർത്തിക്കുന്നില്ലെന്ന് വ്യാപക പരാതി; സിസിടിവി പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നിരവധി തവണ അധികൃതർക്ക് പരാതി നൽകി; അധികൃതർ ചെവിക്കൊണ്ടില്ല;കഞ്ചാവ് വില്പനക്കാരുടെയും കള്ളമാരുടെയും താവളമായി കോട്ടയം മെഡിക്കൽ കോളേജ്

Spread the love

കോട്ടയം: ആയിരക്കണക്കിന് രോഗികളെത്തുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കഞ്ചാവ് വില്പനക്കാരുടെയും കള്ളമാരുടെയും താവളമായി മാറി.ആശുപത്രി വളപ്പിലെ സിസിടിവികൾ പ്രവർത്തിക്കാതെ ആയിട്ട് മാസങ്ങളായി.

ഇതോടെ മോഷണവും കഞ്ചാവ് വില്പനയും ആശുപത്രി വളപ്പിൽ തകൃതിയാണ്.സിസിടിവികൾ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നിരവധി തവണ ആശുപത്രി അധികൃതർക്ക് പരാതി നൽകിയതാണ്.അധികൃതർ ചെവിക്കൊണ്ടില്ല. സമീപ ജില്ലകളിൽ നിന്ന് കള്ളന്മാരും പിടിച്ചുപറിക്കാരും തമ്പടിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജ് വളപ്പിലാണ്. നിരവധി കള്ളന്മാരെ പോലീസ് പിടികൂടിയിട്ടുണ്ട്.

അമ്മയുടെ ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളജിൽ എത്തിയ മകന്റെ ബൈക്ക് മോഷണം പോയതാണ് ഒടുവിലത്തെ സംഭവം.പാലാ തിടനാട് സ്വദേശി സുമേഷിന്റെ ബൈക്കാണ് മോഷണം പോയത്. പൊടിപാറ കെട്ടിടത്തിന് സമീപത്തുള്ള പാർക്കിങ് സ്ഥലത്തുനിന്നാണ് ബൈക്ക് നഷ്ടപ്പെട്ടത്. കഴിഞ്ഞ 14നാണ് ബൈക്ക് പാർക്കിങ് സ്ഥലത്ത് വച്ചത്. പിറ്റേന്ന് ബൈക്ക് എടുക്കാൻ ചെന്നപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതായി കണ്ടത്. ഉടൻതന്നെ 112ൽ വിളിച്ച് പരാതി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരമണിക്കൂറിന് ശേഷം നഗരത്തിനു സമീപമുള്ള ക്യാമറയിൽ വണ്ടി നമ്പർ പതിഞ്ഞിട്ടുണ്ടെന്നും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കാനും ആവശ്യപ്പെടുന്ന അറിയിപ്പ് ലഭിച്ചതിനെത്തുടർന്നു ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയതായി സുമേഷ് പറഞ്ഞു.

അതേസമയം, മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും പാർക്കിങ് സ്ഥലത്തെയും ആശുപത്രി വളപ്പിനു പുറത്തേക്കുള്ള ഗേറ്റിനു സമീപമുള്ള ക്യാമറകളും പ്രവർത്തിക്കുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞെന്ന് സുമേഷ് പറഞ്ഞു. മോഷണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്യാമറകൾ എന്ന് പരിശോധിച്ചാലും ആവശ്യമായ ഒരു വിവരവും ലഭിക്കാറില്ലെന്ന് പൊലീസ് പറഞ്ഞു.