വനിതകൾ ജയിൽ ചാടിയ സംഭവം ; ഇരുട്ടിൽ തപ്പി പൊലീസ് , പുറത്തുനിന്നും സഹായം ലഭിച്ചതായി സൂചന
സ്വന്തം ലേഖിക
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രണ്ടു തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ ഇവർക്ക് പുറമേ നിന്നു സഹായം ലഭിച്ചതായി നിഗമനം. ജയിൽ ചാടിയ ശിൽപയും സന്ധ്യയും എവിടെയാണെന്ന് ഇപ്പോഴും സൂചനയില്ല. തമിഴ്നാട്ടിലേക്കു കടന്നിരിക്കാമെന്നാണു പ്രാഥമിക നിഗമനം. ഇവരുടെ നാട്ടിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.ശിൽപയ്ക്കു തമിഴ്നാട്ടിൽ ചില സുഹൃദ്ബന്ധങ്ങളുണ്ട്. അതാണ് അങ്ങോട്ടേക്കു പോയോയെന്നു സംശയിക്കുന്നത്. മോഷണ, വഞ്ചനക്കേസുകളിലെ പ്രതികളാണ് ഇരുവരും. വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ ഈ മാസം ഏഴിനും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തൻ വീട്ടിൽ ശിൽപ 17 നും ആണ് ജയിലിലെത്തിയത്. ഇരുവരും ജയിലിലാണു പരിചയപ്പെട്ടത്.ചൊവ്വാഴ്ച വൈകിട്ടു ജയിൽ വളപ്പിനു പിൻവശത്തെ മതിൽ ചാടിയാണ് ഇവർ കടന്നതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. മണക്കാട് ഭാഗത്തു നിന്ന് ഓട്ടോറിക്ഷയിൽ കയറിയ ഇവർ രാത്രി ഏഴരയോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എസ്എടി ആശുപത്രിയിലെത്തി. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ലെന്നു കബളിപ്പിക്കപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസിനു മൊഴി നൽകി.അധികൃതരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നു സൂചന. തടവുകാർക്ക് അമിത സ്വാതന്ത്ര്യം ജയിലിൽ അനുവദിച്ചിരുന്നതായി ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ജയിൽ മേധാവി ഋഷിരാജ് സിങ്ങിന്റെ നിർദേശപ്രകാരം ഡിഐജി സന്തോഷ് കുമാർ അന്വേഷണമാരംഭിച്ചു.