
കോട്ടയം : വ്യാജരേഖകള്‍ ചമച്ച് ഭൂമാഫിയ തട്ടിയെടുത്ത വാഗമണ്ണിലെ അഞ്ചേക്കര്‍ ഭൂമി 23 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ച് കൊല്‍ക്കത്ത സ്വദേശി. ഭൂമാഫിയാക്കാരായ സ്വകാര്യ വ്യക്തികള്‍ കൈയ്യേറി റിസോര്‍ട്ടുകളും ഹോം സ്റ്റേയും നിര്‍മ്മിച്ച വാഗമണ്‍ കുരിശുമല ആശ്രമത്തിനു സമീപമുള്ള അഞ്ചേക്കർ ഭൂമി തിരികെ പിടിച്ചെടുത്ത് കൊല്‍ക്കത്ത സ്വദേശിയായ സഞ്ജയ് മിത്രയുടെ പേരിലേക്ക് പോക്കുവരവ് ചെയ്തു നല്‍കാന്‍ പാലാ ആര്‍ഡിഒ ഉത്തരവിട്ടു.
മഹേഷ് വിജയൻ
ഭൂമാഫിയക്ക് സഹായം ചെയ്തു നല്‍കാന്‍ ഗുണ്ടകളും സര്‍ക്കാര്‍ ഉദ്യോഗസഥരും ചേര്‍ന്നതോടെയാണ് നിയമ നടപടികള്‍ 23 വര്‍ഷം നീണ്ടുപോയത്.
സഞ്ജയ് മിത്ര
തീക്കോയി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലും, കുരിശുമല ആശ്രമം ഭാഗത്തും ഇത്തരത്തിൽ വ്യാപകമായ കയ്യേറ്റമാണ് ഭൂമാഫിയ നടത്തിയിട്ടുള്ളത്.
ചെമ്മലമറ്റം പൂവത്തിനാൽ ജോർജ് വർക്കി,
തീക്കോയി ഭാഗത്ത് പുറപ്പ ന്താനത്ത് ഷെർജി തോമസ്, തീക്കോയി ഭാഗത്ത് പുതനപ്രക്കുന്നേൽ ജോൺസൺ മാത്യു എന്നിവരാണ് വ്യാജ പ്രമാണം ഉണ്ടാക്കി സഞ്ജയ് മിത്രയുടെ ഭൂമി തട്ടിയെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രശസ്ത വാസ്തുശില്‍പിയായിരുന്ന ലാറി ബേക്കറിന്റെ ഭാര്യ ഡോ എലിസബത്ത് ബേക്കറുടെ പക്കല്‍ നിന്നാണ് കൊൽക്കത്ത സ്വദേശിയായ സഞ്ജയ് മിത്രയും ഭാര്യ സുമിത്രയും ചേര്‍ന്ന് 1989 ല്‍ വാഗമണ്ണില്‍ അഞ്ചേക്കര്‍ ഭൂമി വാങ്ങിയത്. അദ്ദേഹത്തിന്റെ കൂടെ മഹാരാഷ്ട്രയില്‍ ജോലി ചെയ്തിരുന്ന മലയാളിയാണ് വാഗമണ്ണിലെ പ്രകൃതിരമണീയമായ സ്ഥലത്തിന്റെ കാര്യം സഞ്ജയ് മിത്രയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കൊല്‍ക്കത്തയില്‍ നിന്നും വർഷത്തിലൊരിക്കൽ മാത്രമാണ് സഞ്ജയ് മിത്ര വാഗമണ്ണിലെ വസ്തുവിലെത്തിയിരുന്നത്. അതിനിടെയാണ്, 1995 ല്‍ റീസര്‍വ്വേയുടെ മറവില്‍, വ്യാജ ആധാരങ്ങള്‍ ചമച്ച് ഭൂമി റവന്യൂ, രജിസ്ട്രേഷന്‍ അധികൃതരുടെ സഹായത്തോടെ മലയാളികളായ ഗുണ്ടകളും
ഭൂമാഫിയയും ചേർന്ന് പോക്കുവരവ് ചെയ്ത് ഭൂമി തട്ടിയെടുത്തത് . ഇവിടെ ഇവർ റിസോർട്ടും നിർമ്മിച്ചു.
തന്റെ പേരിലുള്ള ഭൂമി ക്രമക്കേടിലൂടെ തട്ടിയെടുത്ത് പലരുടേയും പേരിലാക്കിയ വിവരം സഞ്ജയ് മിത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അറിഞ്ഞത്. തുടര്‍ന്ന്, ഭൂമി തട്ടിയെടുത്തവര്‍ക്ക് എതിരേ സഞ്ജയ് മിത്ര ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയില്‍ 2002 ല്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. വ്യാജ ആധാരത്തിന്റെ മറവില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് ഭൂമാഫിയയും സഞ്ജയ് മിത്രയ്ക്ക് എതിരേ സിവില്‍ കേസ് നല്‍കി. സിവില്‍ കേസുകള്‍ അനന്തമായി നീളുന്ന സാഹചര്യം മുതലെടുക്കാനും ഭൂമാഫിയക്കു കഴിഞ്ഞു. 2004 ല്‍ സഞ്ജയ് മിത്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ പാലാ ആര്‍.ഡി.ഒ വ്യാജ പോക്കുവരവ് റദ്ദാക്കിയെങ്കിലും സിവില്‍ കേസുകള്‍ നിലവിലുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഭൂമി യഥാര്‍ത്ഥ ഉടമയുടെ പേരില്‍ പോക്കുവരവ് ചെയ്ത് നല്‍കിയില്ല. ഇതിനിടെ, സഞ്ജയ് മിത്രയുടെ ഭൂമിയില്‍ അനധികൃതമായി റിസോര്‍ട്ടുകളും ഹോം സ്റ്റേയും ഇവർ നിർമ്മിച്ചു.
കേസ് അനന്തമായി നീണ്ടതോടെയാണ് സഞ്ജയ് മിത്ര
വിവരാവകാശ പ്രവര്‍ത്തകനും കോട്ടയം സ്വദേശിയുമായ മഹേഷ് വിജയനെ സമീപിച്ചത്.
സിവില്‍ കേസുകള്‍ തീരുന്ന മുറയ്ക്ക് പോക്കുവരവ് ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കാമെന്ന 2004 ലെ ആര്‍.ഡി.ഒയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്കായി 2022 ല്‍ മീനച്ചില്‍ തഹസീല്‍ദാര്‍ക്ക് രേഖകള്‍ സഹിതം അപേക്ഷ നല്‍കി. സഞ്ജയ് മിത്രയുടെ മുന്നാധാരത്തില്‍ പറയുന്ന പൂഞ്ഞാര്‍ മഹാരാജാവ് നല്‍കിയ ഒരു പട്ടയത്തിന്റെ പകര്‍പ്പ് കൊടുത്താല്‍ മാത്രമേ വസ്തു പോക്കുവരവ് ചെയ്യാനാകുവെന്ന വിചിത്രന്യായം പറഞ്ഞ് മീനച്ചില്‍ തഹസീല്‍ദാര്‍ 2023 നവംബറില്‍ പോക്കുവരവ് അപേക്ഷ തള്ളി. അതിനെത്തുടര്‍ന്നാണ് പാലാ ആര്‍ഡിഒ മുന്‍പാകെ അപ്പീല്‍ നല്‍കിയത്.
ഇതിനിടയില്‍, വ്യാജ രേഖ വെച്ച് ഭൂമി തട്ടിയെടുത്ത ഗുണ്ടകൾക്കും ഭൂമാഫിയയ്ക്കും എതിരെ നീങ്ങിയ വിവരാവകാശ പ്രവര്‍ത്തകൻ മഹേഷ് വിജയനെതിരെ ആക്രമണവുമുണ്ടായി. ഗുണ്ടകൾ മഹേഷ് വിജയനേയും സുഹൃത്തുക്കളെയുമാണ് മർദ്ദിച്ചതെങ്കിലും ഗുണ്ടകളുടെയും ഭൂമാഫിയയുടെയും പണക്കൊഴുപ്പിനും സ്വാധീനത്തിലും വഴങ്ങി ഈരാറ്റുപേട്ട പോലീസ് മഹേഷ് വിജയൻ അടക്കമുള്ളവർക്കെതിരേ കള്ള കേസ് രജിസ്റ്റർ ചെയ്തു.
വാഗമണ്ണിലെ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് സര്‍വേ നടത്തി ഭൂമിയില്‍ സര്‍ക്കാര്‍ മിച്ചഭൂമി ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി മാത്രം ഒരു വര്‍ഷമെടുത്തു. തുടര്‍ന്നാണ്, ആധാരപ്രകാരമുള്ള ഭൂമി സഞ്ജയ് മിത്രക്ക് പോക്കുവരവ് ചെയ്ത് നല്‍കാന്‍ പാലാ ആര്‍ഡിഒ ദീപ കെ.പി ഉത്തരവിട്ടത്. ഇതോടെയാണ് 23 വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ ഭൂമാഫിയ തട്ടിയെടുത്ത അഞ്ചേക്കർ ഭൂമി സഞ്ജയ് മിത്രയ്ക്ക് സ്വന്തമാകുന്നത്.