കോട്ടയം ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു : കോട്ടയം മെഡിക്കല്‍ കോളജിലും ജില്ലാ ജനറല്‍ ആശുപത്രിയിലും വൻ തിരക്ക്: പനി മാറിയാലും ചുമ തുടരുന്നതാണ് പലരെയും അലട്ടുന്നത്.

Spread the love

കോട്ടയം: കോട്ടയം ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.. ഒ.പിയില്‍ രോഗികളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.
കൂടുതല്‍ എത്തുന്നത് വൈറല്‍ പനി ബാധിതരാണ്. കോട്ടയം മെഡിക്കല്‍ കോളജിലും ജില്ലാ ജനറല്‍ ആശുപത്രിയിലുമെല്ലാം ചികിത്സ തേടിയെത്തുന്നവര്‍ നൂറുകണക്കിനാണ്.

സ്വകാര്യ ആശുപത്രികളിലും അവസ്ഥ വ്യത്യസ്ഥമല്ല. വൈറല്‍ പനിയോടൊപ്പം എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയും പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനവും പനിവ്യാപനത്തിനു പ്രധാന കാരണമായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.

പനി മാറിയാലും ചുമ തുടരുന്നതാണ് പലരെയും അലട്ടുന്നത്. എത്ര മരുന്നു കഴിച്ചാലും ചുമ കുറയുന്നില്ല. ഒടുവില്‍ ചുമ ശ്വാസംമുട്ടല്‍ പോലുള്ള അവസ്ഥയിലേക്ക് ചെന്നെത്തുന്നു. ഇതോടെ മെഡിക്കല്‍ കോളജിലും ജില്ലാ ജനറല്‍ ആശുപത്രിയിലെയും ചെസ്റ്റ് ഒ.പികളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഒ.പി സമയം കഴിഞ്ഞാലും രോഗികളുടെ നീണ്ട നിരയാണ് ചെസ്റ്റ് വിഭാഗത്തിൽ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയബന്ധിതമായി ചികിത്സ തേടാത്തതും കൃത്യമായി മുന്‍കരുതല്‍ എടുക്കാത്തതുമാണ് രോഗപ്പകര്‍ച്ച കൂട്ടുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഓണപരീക്ഷാ കാലമായതിനാല്‍ പനി ഭേദമാകാതെ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുന്ന പ്രവണതയും രോഗം പടരുന്നതിന് കാരണമാകുന്നു.
മാസ്‌ക് ധരിക്കുന്നതിലൂടെ രോഗവ്യാപനം തടയാന്‍ കഴിയുമെങ്കിലും മിക്കവരും ഇതിന് തയ്യാറാകുന്നില്ല. ആശുപത്രി ജീവനക്കാര്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ നിലനില്‍ക്കുന്നത് ഡെങ്കി കൊതുകുകളുടെ വ്യാപനത്തിന് അനുകൂലമാണ്. വീടിനു പുറത്ത് മാത്രമല്ല, വീട്ടകങ്ങളിലും പ്രത്യേകിച്ചും ചെടിച്ചട്ടികളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.

പനിബാധിതര്‍ നിര്‍ബന്ധമായും ആശുപത്രികളില്‍ ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പധികൃതര്‍ വ്യക്തമാക്കുന്നു. സ്വയംചികിത്സ ആരോഗ്യസ്ഥിതി ഗുരുതരമാക്കും. രോഗം ബാധിച്ചവരും പനി മാറിയവരും പൂര്‍ണമായും വിശ്രമിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു