
ചേർത്തല : ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയെ പ്രതി സി.എം. സെബാസ്റ്റ്യൻ പള്ളിപ്പുറത്തെ വീട്ടിൽ വച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
വീടിന്റെ സ്വീകരണമുറിയിൽ നിന്നു ലഭിച്ച രക്തത്തുള്ളികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. സെബാസ്റ്റ്യനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച ചില സൂചനകളും നിർണായകമായി.
കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിച്ചെന്നാണു സൂചന. ഇയാളുടെ കുളിമുറിയിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുറിച്ച മൃതദേഹഭാഗങ്ങൾ പല സ്ഥലത്തായി മറവു ചെയ്തിട്ടുണ്ടാകാമെന്നും അന്വേഷണ സംഘം കരുതുന്നു. വീട്ടുവളപ്പിൽ മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ മാത്രം കണ്ടെത്തിയതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം.
വീട്ടുവളപ്പിൽ നിന്നു ലഭിച്ച മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാഫലം ലഭിച്ചിട്ടില്ലെങ്കിലും ഇതു ജെയ്നമ്മയുടേതാണ് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുനീങ്ങുന്നത്. കത്തിക്കരിഞ്ഞ അസ്ഥികളിൽ ഡിഎൻഎ കണ്ടെത്തുന്നതു ശ്രമകരമായതിനാലാണു പരിശോധനാഫലം വൈകുന്നതെന്നാണു വിവരം.