സെബാസ്റ്റ്യനെതിരെ കുരുക്ക് മുറുക്കുന്നു; ചേര്‍ത്തലയില്‍ സ്ത്രീകളുടെ തിരോധാന കേസ് അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം

Spread the love

കോട്ടയം: ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍, ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡ് നെടുമ്ബ്രക്കാട് വെളിയില്‍ ഐഷ എന്നിവരുടെ തിരോധാനത്തില്‍ ക്രൈം ബ്രാഞ്ചിന് നിര്‍ണായകമായ സൂചനകള്‍.

കുറ്റകൃത്യം ചെയ്തതിന്റെ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്
ലഭിച്ചു.

ഇരുവരെയും ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ചെങ്ങുംതറ സെബാസ്റ്റ്യനും കൂട്ടാളികളും ചേര്‍ന്ന് അരുംകൊല ചെയ്തുവെന്നതിന് സാഹചര്യ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സെബാസ്റ്റ്യനെ ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്ബുഴ സ്വദേശി ജെയ്‌നമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സെബാസ്റ്റ്യന്‍ റിമാന്‍ഡിലാണ്. ഈ കേസില്‍ രണ്ടു തവണ ജുഡീഷല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും പ്രതി മൗനം പാലിക്കുകയാണ്. ബിന്ദുവിനെ സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിൻ, പൊന്നപ്പന്‍, മനോജ് എന്നീ കൂട്ടാളികള്‍ ചേര്‍ന്ന് സെബാസ്റ്റ്യന്‍റെ വീട്ടില്‍വച്ചു വകവരുത്തിയെന്നാണ് സൂചന.

ഫ്രാങ്ക്‌ളിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഐഷയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നും സെബാസ്റ്റ്യന്‍ നേരിട്ട് ഇതില്‍ പങ്കുചേര്‍ന്നില്ലെന്നുമാണ് സൂചന. സെബാസ്റ്റ്യന്‍ പലപ്പോഴായി ഉപയോഗിച്ചിരുന്ന മൂന്നു മൊബൈല്‍ ഫോണുകളുടെ കോള്‍ ഡേറ്റ പരിശോധിച്ചുള്ള അന്വേഷണത്തിലാണു കൂട്ടാളികളെക്കുറിച്ച്‌ വിവരം ലഭിച്ചത്.

ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും വസ്തു ഇടനിലക്കാരനായ സുഹൃത്ത് ഫ്രാങ്ക്‌ളിനും ചേര്‍ന്ന് പള്ളിപ്പുറത്തെ വീട്ടില്‍ ശുചിമുറിയില്‍വച്ചു കൊലപ്പെടുത്തിയതായി പ്രദേശവാസിയായ ശശികല നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം. സെബാസ്റ്റ്യന്‍റെ സുഹൃത്ത് അയല്‍വാസിയായ റോസമ്മയ്ക്ക് ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാമെന്ന് പോലീസ് കരുതുന്നു.

പലതവണ ചോദ്യം ചെയ്തപ്പോഴും ഇവര്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കുന്നത്. പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്നു കണ്ടെടുത്ത അസ്ഥിയുടെ ഡിഎന്‍എ ഫലം അടുത്തദിവസം പുറത്തുവരുമ്ബോള്‍ കൊല്ലപ്പെട്ടത് ആരെന്ന് വ്യക്തമാകും. സെബാസ്റ്റ്യന്‍റെ വീട്ടില്‍നിന്ന് കണ്ടെടുത്ത രക്തസാമ്ബിളുകള്‍ അതിരമ്ബുഴ സ്വദേശി ജെയ്‌നമ്മയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതുകൂടാതെ സിന്ധുവിന്‍റെ തിരോധാനത്തിലും സെബാസ്റ്റ്യനു പങ്കുള്ളതായാണ് സംശയിക്കുന്നത്. ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡ് നെടുമ്ബ്രക്കാട് വെളിയില്‍ ഐഷയെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാണാതായത്. സെബാസ്റ്റ്യനുമായി സാമ്ബത്തിക ഇടപാട് ഇവര്‍ക്കും ഉണ്ടായിരുന്നു.

മനോജിന്‍റെ മരണത്തിലും ദുരൂഹത

ബിന്ദു പത്മനാഭന്‍റെ തിരോധാനവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ച വേളയിലാണ് സെബാസ്റ്റ്യന്‍റെ വിശ്വസ്തനും ഇടപാടുകളില്‍ സഹായിയുമായ ഓട്ടോറിക്ഷാ ഡ്രൈവര്‍ പള്ളിപ്പുറം തൈക്കൂട്ടത്തില്‍ എസ്. മനോജിനെ (46) 2018 ജൂണ്‍ 28ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബിന്ദുവിന്‍റെ കൊലപാതകം സംബന്ധിച്ച്‌ സെബാസ്റ്റ്യനും താനുള്‍പ്പെടെ കൂട്ടാളികള്‍ക്കുമുള്ള പങ്ക് പറയേണ്ടിവരുമെന്ന ഭീതിയില്‍ ജീവനൊടുക്കിയതായാണ് നാട്ടില്‍ പറയുന്നത്. എന്നാല്‍ മനോജ് സംഭവങ്ങള്‍ പോലീസിനോടു പറയുമോ എന്ന സംശയത്തില്‍ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലെ സംശയം.

സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്ര ചെയ്തിരുന്നതു മനോജിന്‍റെ ഓട്ടോയിലായിരുന്നു. ബിന്ദു തിരോധാനക്കേസില്‍ മനോജിനെ മുന്‍പും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മനോജ് ബിഗ് ഷോപ്പറില്‍ നിറയെ നോട്ടുകളുമായി പോകുന്നതു കണ്ടതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചു.

ഇയാളെ ചോദ്യം ചെയ്താല്‍ അക്കാലത്ത് ഒളിവിലായിരുന്ന സെബാസ്റ്റ്യനെ കണ്ടെത്തുന്നതിനൊപ്പം കൂടുതല്‍ വിവരങ്ങളും ലഭിക്കുമെന്നു പോലീസ് പ്രതീക്ഷിച്ചിരുന്നു. ബിഗ് ഷോപ്പറില്‍ കൊണ്ടുപോയത് അമ്മാവനു ലോട്ടറി അടിച്ച പണമാണെന്നാണു സുഹൃത്തുക്കളോട് ഇയാള്‍ പറഞ്ഞത്.

സെബാസ്റ്റ്യന്‍റെ നാട്ടിലെ വിളിപ്പേരാണ് അമ്മാവന്‍. വിവരം ലഭിച്ച പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിവസം രാവിലെ വീട്ടില്‍ മനോജ് തൂങ്ങിമരിക്കുകയായിരുന്നു.