കനത്ത മഴ; മൂന്നാറില്‍ വീണ്ടും മണ്ണിടിച്ചില്‍; ആര്‍.ഒ ജംഗ്ഷനിലെ വഴിയോരക്കടകള്‍ തകര്‍ന്നു

Spread the love

ഇടുക്കി: മൂന്നാറില്‍ കനത്ത മഴയെ തുടർന്ന് ആർ.ഒ ജംഗ്ഷന് സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായി.

ദിവസങ്ങള്‍ക്ക് മുൻപ് മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്താണ് പുതിയ അപകടം.
മൂന്നാർ ടൗണിലെ തിരക്കേറിയ ഈ ഭാഗത്ത് റോഡിനോട് ചേർന്നുള്ള വലിയ മണ്‍തിട്ടയാണ് ഇടിഞ്ഞുവീണത്.

മണ്ണിടിച്ചിലില്‍ സമീപത്തെ വഴിയോരക്കടകള്‍ക്ക് നാശനഷ്ടമുണ്ടായി.
നേരത്തെ മണ്ണിടിച്ചിലുണ്ടായപ്പോള്‍ തന്നെ ഇവിടുത്തെ കടകള്‍ തുറക്കരുതെന്ന് അധികൃതർ നിർദേശം നല്‍കിയിരുന്നു. ഇത് കാരണം കടകള്‍ അടച്ചിട്ടിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മണ്ണിടിച്ചില്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല.
വഴിയോരക്കച്ചവടങ്ങള്‍ നടക്കുന്നതും സഞ്ചാരികള്‍ വാഹനം പാർക്ക് ചെയ്യുന്നതുമായ ഈ പ്രദേശം അതീവ അപകടാവസ്ഥയിലാണ്. മഴ തുടർന്നാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും സമീപത്തെ മരങ്ങളും അപകടാവസ്ഥയിലാണെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ ദേവികുളം സബ് കളക്ടർ വി. എ. ആര്യ സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ ഭാഗത്തെ വഴിയോരക്കച്ചവടങ്ങളും വാഹന പാർക്കിംഗും നിയന്ത്രിക്കാൻ തീരുമാനമെടുത്തേക്കുമെന്നും സൂചനയുണ്ട്.