ഹണിട്രാപ്പിൽ കേരള പൊലീസ് കുടുക്കിലേയ്ക്ക്: കോടികൾ നഷ്ടമായ എസ്.ഐമാർ നിരവധി; ബലാത്സംഗ കേസിൽ കുടുങ്ങിയത് തുമ്പ എസ്.ഐ; ഫേയ്ബുക്ക് കെണിയിൽ വിറച്ച് കാക്കിയിട്ട ഏമാൻമാർ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ഫെയ്സ്ബുക്കിലെ പെണ്ണൊരുത്തി ചിരിച്ചു കാണിച്ചതോടെ തൊപ്പിയൂരി പെണ്ണിന്റെ കാൽക്കൽ വച്ച കേരള പൊലീസിലെ പുലികളെല്ലാം നെട്ടോട്ടമോടുന്നു. ഫെയ്സ്ബുക്കിൽ പൊലീസുകാരെ തിരഞ്ഞുപിടിച്ച് സുഹൃത്തുക്കളാക്കി ചാറ്റ് ചെയ്ത് ഹണിട്രാപ്പിൽ കുടുക്കിയ പെൺകുട്ടിയുടെ ലൈവ് ആത്മഹത്യാ ഭീഷണിയോടെയാണ് തിരുവനന്തപുരം മുതൽ എറണാകുളം ജില്ലകളിലെ എസ്.ഐമാർ അടക്കം നിരവധി പൊലീസ് ഉദ്യോഗസ്ഥർ വെള്ളം കുടിക്കുന്നത്. പെണ്ണുപിടിക്കാൻ നടന്ന് കോടികൾ ഓടയിൽ ഒഴുക്കിയവരും, പെണ്ണിനെ തേടി പോയി കേസിൽ കുടുങ്ങിയവരും കേരള പൊലീസിലുണ്ട്.
ഇതിനിടെയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തുമ്പ എസ്.ഐ സുമേഷ് ലാലിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. ഇതോടെ ഹണിട്രാപ്പ് തങ്ങൾക്കു പിന്നാലെയും എത്തുമോ എന്ന ആശങ്കയിലാണ് കേരള പൊലീസിലെ വമ്പൻമാർ. എസ്.ഐയ്ക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് തീരുമാനമായിട്ടുണ്ട്്. ഇതിനായി കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ അപേക്ഷ നൽകി.
വിവാഹ വാഗ്ദാനം നൽകി ജനുവരി 13 മുതൽ മേയ് 4 വരെ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ആത്മഹത്യാ ഭീഷണി മുഴക്കി യുവതി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ യുവതിക്ക് നിരവധി പൊലീസുകാരുമായി ബന്ധമുണ്ടെന്നു കാട്ടി കൊച്ചിയിലെ സിവിൽപൊലീസ് ഓഫീസർ പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടു. ഇതോടെയാണ് സംഭവം വിവാദമായതും എസ്.ഐയ്ക്കെതിരെ പൊലീസ് കേസെടുത്തതും. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തുക്കളിലേറെയും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നപ്പോൾ മുതൽ ഏതൊക്കെ പൊലീസ് ഉദ്യോഗസ്ഥർ കേസിൽ കുടുങ്ങിയിട്ടുണ്ടെന്ന ആശങ്ക ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ എസ്ഐ അടക്കമുള്ളവർക്കെതിരെ കേസും നടപടികളും പുറത്തു വന്നത്. കേരള സർവകലാശാല ജീവനക്കാരിയായ യുവതിയുടെ ചിത്രവും വ്യക്തി വിവരങ്ങളും വച്ചു നിർമ്മിച്ച ഫേക്ക് ഫെയ്സ്ബുക്ക് ഐഡി വഴിയാണ് പെൺകുട്ടി പൊലീസുകാരെ കുടുക്കിയത്. ഇവരുടെ ഫെയ്സ്ബുക്ക് ഐഡിയിലെ സുഹൃത്തുക്കളിൽ ഏറെയും പൊലീസുകാരും പൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു. ഈ സാഹചര്യത്തിൽ യുവതിയുടെ ബന്ധങ്ങളും ഇടപാടുകളും എല്ലാം പൊലീസ് വിശദമായ പരിശോധനയ്ക്കു വിധേയമാക്കും. ഇതിനിടെ പെൺകുട്ടിയുമായി ചാറ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.