നാട്ടില്‍ പോയിട്ട് 12 വർഷം; മടക്കയാത്രയുടെ തലേദിവസം കൊല്ലം സ്വദേശി സൗദിയിൽ മരണപ്പെട്ടു; മൃതദേഹം നാട്ടിലെത്തിച്ചു

Spread the love

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമില്‍ മരിച്ച ദിലീപ് കുമാറിന്‍റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. 12 വർഷമായി നാട്ടില്‍ പോകാതിരുന്ന കൊല്ലം നിലമേല്‍ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58) ആണ് നാട്ടില്‍ പോകുന്നതിന്റെ തലേദിവസം മരിച്ചത്.

വർക്ക്‌ഷോപ്പിൽ ജോലി ചെയ്തിരുന്ന ദിലീപ്, കഴിഞ്ഞ ഒൻപത് വർഷമായി താമസ രേഖകളും മെഡിക്കൽ ഇൻഷുറൻസും ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്. ഈ കാലയളവിൽ അസുഖം ബാധിച്ചപ്പോൾ, കെഎംസിസി കാരുണ്യ വിഭാഗം പ്രവർത്തകൻ അഷ്‌റഫ് കണ്ണൂർ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇന്ത്യൻ എംബസിയിലെ സാമൂഹിക പ്രവർത്തകർ മണിക്കുട്ടനും മഞ്ജുവും നേതൃത്വം നൽകി നിയമ നടപടികൾ പൂർത്തിയാക്കിയതോടെ, ചൊവ്വാഴ്ച അന്തിമ എക്‌സിറ്റ് ലഭിച്ചു.

ഒടുവില്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് പുലർച്ചയോടെ മരിച്ചത്. പന്ത്രണ്ട് വർഷം മുൻപ് ദിലീപിന്റെ ഭാര്യയും പിന്നീട് അമ്മയും മരിച്ചു. തുടർന്നാണ് നാട്ടിലേക്കുള്ള പോക്കുവരവുകള്‍ നിന്നത്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂർത്തിയാക്കി മൃതദേഹം കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group