എംപിമാർക്ക് എംഎൽഎ ആകണം സ്ഥാനാർത്ഥി മോഹികളുടെ ആധിക്യത്തിൽ വലഞ്ഞ് കോൺഗ്രസ് ; ‘കോന്നിയില്‍ താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന് അടൂര്‍ പ്രകാശ്’; എംപിമാരുടെ നീക്കത്തില്‍ കടുത്ത അതൃപ്തിയിൽ പ്രതിപക്ഷ നേതാവ്

Spread the love

തിരുവനന്തപുരം : നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലക്ഷ്യമിട്ട് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി നേതാക്കള്‍ എഐസിസി അംഗീകാരത്തിനായി ശ്രമം തുടങ്ങി. കോന്നിയില്‍ താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം എംപിമാരുടെ നീക്കത്തില്‍ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ദില്ലിയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല, അധികാരത്തില്‍ ഇല്ലാത്തതുകൊണ്ടുതന്നെ പദവികളുമില്ല. അതിനാല്‍ അടുത്ത നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് കേരളത്തിലെ പല കോണ്‍ഗ്രസ് എംപിമാരുടെയും മോഹം. യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ്, മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട എംപി ആന്റോ ആന്റണി, ചാലക്കുടി എംപി ബെന്നി ബെഹന്നാന്‍, കോഴിക്കോട് എംപി എം കെ രാഘവന്‍, കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂര്‍ എംപി കെ സുധാകരന്‍ എന്നിവരാണ് ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് തട്ടകം മാറ്റാന്‍ ആഗ്രിക്കുന്നത്.

എഐസിസിക്ക് അനഭിമതന്‍ ആണെങ്കിലും ശശി തരൂരിനും സംസ്ഥാന രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ട്. ഇവരില്‍ പലരും എഐസിസി അനുമതിക്കായി ശ്രമം തുടങ്ങിയെന്നാണ് സൂചന. കോന്നി വിട്ട് ആറ്റിങ്ങല്‍ എംപിയായ അടൂര്‍ പ്രകാശിന് കൂടുതല്‍ താത്പര്യം നിയമസഭയാണ്. അദ്ദേഹം തന്നെ പലതവണ ഇത് പരോക്ഷമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന തര്‍ക്കത്തിനിടയില്‍ എംപിമാരുടെ നീക്കത്തില്‍ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്തരമൊരു ചര്‍ച്ചയോട് സതീശന് യോജിപ്പില്ല.

നിലവില്‍ സ്ഥാനാര്‍ഥി കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുന്ന ഒരു നിരനേതാക്കളുണ്ട്. ഇതിനുപുറമെയാണ് എംപിമാര്‍ കൂടി എത്തുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്ഥാനാര്‍ഥി മോഹികളുടെ തര്‍ക്കം കോണ്‍ഗ്രസില്‍ രൂക്ഷമാകാനാണ് സാധ്യത.