എങ്ങുമെത്താതെ ബാലഭാസ്‌കറിന്റെ മരണം: അന്വേഷണ പുരോഗതി റിപ്പോർട്ടുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേയ്ക്ക്; ചോദ്യങ്ങൾക്കിടെ സ്വർണ്ണക്കടത്ത് കേസ് കൂടുതൽ കുരുക്കിലേയ്ക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിയുടെയും മരണത്തിനു പിന്നിലെ സ്വർണ്ണക്കടത്ത് ബന്ധങ്ങൾ ചികഞ്ഞ് പൊലീസ് തുമ്പില്ലാതെ ഇരുട്ടിൽ തപ്പുന്നു. വാഹനാപകടം അടക്കം പുനപരിശോധിച്ചിട്ടും കേസിൽ ഇതുവരെയും നിർണ്ണായകമായ ഒരു തുമ്പും കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇതിനിടെയാണ് വ്യാഴാഴ്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുന്നത്.
തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് ഹൈക്കോടതി അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി നിർദ്ദേശം പുറപ്പെടുവിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബാലഭാസ്‌കറിന്റെ മരണത്തിലുള്ള ബന്ധം സംബന്ധിച്ചാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ, ഉണ്ടെങ്കിൽ എന്തെല്ലാം കാര്യങ്ങളിലാണ് സംശയമുള്ളത്, സ്വർണക്കടത്തുമായി ഇതിനുള്ള ബന്ധമെന്ത്, അന്വേഷണം ഇപ്പോൾ ഏത് നിലയിലാണ് എന്നീ കാര്യങ്ങളിൽ രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടിൽ പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ ഇടപെടലുകൾ സംബന്ധിച്ച് വ്യക്തത വേണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ബാലഭാസ്‌കറിന്റെ മരണം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രകാശ് തമ്പി, വിഷ്ണു എന്നിവർ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇതേത്തുടർന്ന് ബാലഭാസ്‌കറിന്റെ മരണവുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണിയടക്കം രംഗത്തെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണ്ണക്കടത്ത് കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ഇപ്പോൾ ബാലഭാസ്‌കറിന്റെ മരണത്തിലുള്ള അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത് കേസിനെ കൂടുതൽ ദുരൂഹതയിലേയ്ക്ക് തള്ളിവിട്ടിട്ടുണ്ട്. ഇതോടെ കേസിൽ വിശദമായി അന്വേഷണം നടത്തണമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്.