ടാപ്പിംഗിനിടെ കുടിക്കാൻ ഫ്ലാസ്കിൽ കൊണ്ടുപോയ കട്ടൻ ചായക്ക് രുചി വ്യത്യാസം, കുപ്പി മാറ്റിയിട്ടും അതേ രുചി; വ്യക്തി വൈരാഗ്യം മൂലം കൂട്ടുകാരനെ കൊല്ലാൻ കട്ടൻ ചായയിൽ വിഷം കലർത്തിയ യുവാവ് അറസ്റ്റിൽ

Spread the love

മലപ്പുറം: വ്യക്തി വൈരാഗ്യം കൊണ്ട് കൂട്ടുകാരനെ കൊല്ലാൻ കട്ടൻ ചായയിൽ വിഷം കലർത്തിയ യുവാവ് അറസ്റ്റിലായി. മലപ്പുറം കളപ്പാട്ടുകുന്ന് സ്വദേശി അജയ് ആണ് പിടിയിലായത്. കാരാട് സ്വദേശി സുന്ദരനെയാണ് ഇയാൾ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ് സുന്ദരൻ. അജയ് യുവാവിനെ കൊല്ലാൻ ശ്രമിച്ചതിന്‍റെ  കാരണം കേട്ട് പൊലീസ് അമ്പരന്നു. മുമ്പ് ഇരുവരും തമ്മിൽ നിസാര വഴക്കുണ്ടായപ്പോൾ തോന്നിയ എതിർപ്പാണ് വൈരാഗ്യമായി മാറിയത്.

ദിവസവും പുലർച്ചക്ക് ജോലിക്കായി പോകുമ്പോൾ സുന്ദരൻ കുടിക്കുന്നതിനായി കട്ടൻചായ ഫ്ലാസ്കിൽ കൊണ്ടുപോകുമായിരുന്നു. ഓഗസ്റ്റ് പത്തിന് പതിവുപോലെ ജോലിക്ക് പോയപ്പോൾ കട്ടൻചായ ഫ്ലാസ്‌കിൽ നിറച്ച് തന്‍റെ ബൈക്കിൽ വച്ചു. ജോലിക്കിടെ കുടിച്ചപ്പോൾ രുചിവ്യത്യാസം തോന്നിയിരുന്നു. ചായയിൽ മറ്റെന്തോ കലർന്നതോ അതോ ഫ്ലാസ്കിൽ നിന്നുള്ള രുചി വ്യത്യാസമാണോയെന്ന സംശയം തോന്നിയതോടെ അടുത്ത ദിവസം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ ചായ കൊണ്ടുപോകാന് തുടങ്ങി.

ഓഗസ്റ്റ് 14ന് ചായ കുടിച്ചപ്പോൾ രുചി വ്യത്യാസം തോന്നി. ഗ്ലാസിലൊഴിച്ച് പരിശോധിച്ചപ്പോൾ നിറവ്യത്യാസവും കണ്ടെത്തി. ഇതോടെയാണ് പൊലീസിൽ പരാതി നല്‌കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കട്ടൻ ചായയിൽ വിഷം കലർത്തിയിരുന്നതായും, അജയ് ആണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group