ജനാധിപത്യത്തെ തകര്‍ക്കാനുള്ള ഗവേഷണം നടത്തുകയാണ് ബിജെപിയും മാര്‍ക്സിറ്റ് പാര്‍ട്ടിയും; അജിത്കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Spread the love

കൊച്ചി: ആറ്റിങ്ങലിൽ നടന്ന വോട്ടര്‍ പട്ടിക ക്രമക്കേടിന് പിന്നിൽ സിപിഎമ്മും ബിജെപിയുമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആരോപിച്ചു. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കും. രാഹുൽ ഗാന്ധി ഇക്കാര്യങ്ങള്‍ ജനങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചു. ജനാധിപത്യത്തെ എങ്ങനെ തകർക്കാമെന്നതിൽ ഗവേഷണം നടത്തുകയാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും. രാഹുൽ ഗാന്ധിയുടെ പദയാത്രയ്ക്ക് ഒപ്പം എല്ലാ നേതാക്കളും നിൽക്കും. ആറ്റിങ്ങലിൽ 2019ൽ കണ്ടെത്തിയ കാര്യമാണ് ഇപ്പോൾ വീണ്ടും ചര്‍ച്ചയാകുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അജിത് കുമാറും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിന് പിന്നിൽ എന്താണെന്ന് കണ്ടെത്തണം. ധാർമിക ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിയെങ്കിൽ രാജിവയ്ക്കണം. കോന്നിയിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കും. ഇതുവരെ തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.