play-sharp-fill
നീലിമംഗലത്ത് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ എത്തിച്ചു; ബസ് തട്ടിയിട്ടില്ലെന്ന് ജീവനക്കാർ; ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്;  മരിച്ച അലന്റെ സംസ്‌കാരം വ്യാഴാഴ്ച മുട്ടുചിറയിൽ

നീലിമംഗലത്ത് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ എത്തിച്ചു; ബസ് തട്ടിയിട്ടില്ലെന്ന് ജീവനക്കാർ; ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്; മരിച്ച അലന്റെ സംസ്‌കാരം വ്യാഴാഴ്ച മുട്ടുചിറയിൽ

സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് ബൈക്ക് യാത്രക്കാരനായ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസും ജീവനക്കാരും ഗാന്ധിനഗർ സ്റ്റേഷനിൽ ഹാജരായി. അപകടത്തിൽ മരിച്ച കുറുപ്പന്തറ പള്ളിയ്ക്കു സമീപത്തെ വീട്ടിലെ താമസക്കാരൻ കോഴിക്കോട് വെസ്റ്റ്ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണി (29)യുടെ  സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് മുട്ടുചിറ ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കെ.എൽ 15 എ 404 -ാം നമ്പരിലുള്ള കെ.എസ്.ആർ.ടി.സി ബസ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരത്തു നിന്നും എറണാകുളം ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നീലിമംഗലം പാലത്തിനു സമീപത്തു വച്ച് ബൈക്കിൽ ഇടിച്ചത്. ബൈ്ക്ക് യാത്രക്കാരന് പരിക്കേറ്റതായി കണ്ടിട്ടും ബസ് നിർത്തിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയിരുന്നു.
തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് നമ്പർ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഡിപ്പോ അധികൃതരെ വിവരം അറിയിച്ച് ബസ് എത്തിക്കുകയായിരുന്നു. ബസിന്റെ കണ്ടക്ടറും ഡ്രൈവറും ഹാജരായിരുന്നു. എന്നാൽ, തങ്ങളുടെ വാഹനം തട്ടിയിട്ടില്ലെന്നാണ് ഇരുവരും നിലപാട് എടുത്തത്. തുടർന്ന് പൊലീസ് വാഹനം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കാൻ തീരുമാനിച്ചു. ഇന്ന് സെന്റിഫിക്ക് എക്‌സ്‌പേർട്ട് സംഘം സ്ഥലത്ത് എത്തി വാഹനം പരിശോധിക്കും. അപകടത്തിൽപ്പെട്ട വാഹനം നിർത്താതെ പോയത് സംബന്ധിച്ചു കെ.എസ്ആർടിസി എം.ഡിയ്ക്ക് ഗാന്ധിനഗർ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. മനപൂർവമല്ലാത്ത നരഹത്യയ്ക്കും, അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാതിരുന്നതിനും, പൊലസിൽ അറിയിക്കാതെ ഇരുന്നതിനും കേസെടുത്തിട്ടുണ്ട്.
അപകടത്തിൽ മരിച്ച അലന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. വീട്ടിൽ മൃതദേഹം എത്തിച്ചു.