
മുണ്ടക്കയം: വ്യാജ ആരോപണങ്ങളുന്നയിച്ച് തുടര്‍ച്ചയായി പിന്തുടര്ന്ന് തങ്ങളുടെ പിതാവിനെ അപമാനിക്കുന്നവെന്നാരോപിച്ച് കൂട്ടിക്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
കൂട്ടിക്കല്‍ ഏന്തയാര്‍ പ്ലാപ്പറമ്പില്‍ പി എസ് അളകനന്ദ, പി എസ് കാശിനാഥന് എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തങ്ങളുടെ പിതാവായ കൂട്ടിക്കല്‍ പഞ്ചായത്ത് ലൈബ്രറിയിലെ പാര്‍ട്ട് ടൈം ലൈബ്രറിയന്‍ പി റ്റി സുധാകരനെ ലഹരി വസ്തുക്കള്‍ സൂക്ഷിക്കുന്നതായി ആരോപിച്ച് സ്ഥിരമായി പിന്തുടര്ന്ന് പീഡിപ്പിക്കുന്നതായാണ് കുട്ടികളുടെ പരാതി.
ആഗസ്റ്റ് എട്ടാം തിയതി വെള്ളിയാഴ്ച മുണ്ടക്കയത്തെ എക്സൈസ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തിലെത്തി ഇതര ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച് ഇദ്ദേഹത്തെ ആക്ഷേപിച്ചിരുന്നു. ലൈബ്രറിയില്‍ എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്കായി തുറന്നു കൊടുക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെക്രട്ടറിയുടെ അനുവാദം ഇല്ലാതെ പരിശോധന പറ്റില്ലെന്ന് പറഞ്ഞ ഇദ്ദേഹത്തെ ഓഫീസില്‍ വെച്ച് മൂന്നുവര്‍ഷം അകത്തിടുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ലൈബ്രറിയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. നാലഞ്ചുവര്‍ഷമായി സ്ഥിരമായി ഉദ്യോഗസ്ഥര്‍ ഇതേ കാരണം പറഞ്ഞ് പരിശോധനയ്ക്കെത്താറുണ്ടെന്ന് ഇദ്ദേഹം പറയുന്നു. കുട്ടികള്‍ കൊടുത്ത പരാതി ഫയലില്‍ സ്വീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും എക്സൈസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.