ഡോ. വന്ദന ദാസിൻ്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ആശുപത്രി ഉത്ഘാടനം ചിങ്ങം ഒന്നിന്: കോട്ടയം മധുരവേലി പ്ലാമൂട് ജംഗ്ഷനിൽ ആറ്  കിടക്കകളോട് കൂടിയ ആശുപത്രി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

Spread the love

കടുത്തുരുത്തി :
ജോലിക്കിടെ ആക്രമണത്തിൽ അകാലത്തിൽ കൊല്ലപ്പെട്ട ഏക മകൾ ഡോ. വന്ദന ദാസിൻ്റെ ഓർമ്മകൾ എന്നും നിലനിൽക്കാൻ വന്ദനയുടെ ജന്മ ഗ്രാമം ആയ മുട്ടുചിറയ്ക്ക് സമീപം മധുരവേലി പ്ലാമൂട് ജംഗ്ഷനിൽ മറ്റൊരു ആതുര സേവന സ്ഥാപനത്തിന് ആഗസ്റ്റ് 17 ഞായർ ചിങ്ങം ഒന്നിന് തുടക്കം കുറിക്കും.

വന്ദനയുടെ അമ്മവീടായ ഹരിപ്പാട് തൃക്കുന്നപ്പുഴ വാലെക്കടവിൽ പല്ലനയാറിൻ്റെ തീരത്ത് പ്രവർത്തിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന് പുറമെയാണ് ജന്മനാട് മുട്ടുചിറയ്ക്ക് സമീപം മധുരവേലിയിൽ ആറ് കിടക്കളോട് കൂടി കിടത്തി ചികത്സിക്കുന്ന ആശുപത്രി ആരംഭിക്കുന്നത്. തൻ്റെ അയൽവാസികൾക്കും നാട്ടുകാർക്കും കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെന്ന വന്ദനയുടെ ആഗ്രഹങ്ങൾ സഫലി കരിക്കുകയാണ് മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി . വസന്തകുമാരിയും ചെയ്യുന്നതെന്ന് ഹോസ്പിറ്റൽ കോർഡിനേറ്റർമാരായ പി.ജി. ഷാജി മോനും ബിജി വിനോദും അറിയിച്ചു.

17 ന് രാവിലെ 11.30 ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. യുടെ അദ്ധ്യക്ഷതയിൽ സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അനുഗ്രഹ പ്രഭാഷണം നടത്തും. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ ഫാർമസി ഉത്ഘാടനം ചെയ്യും. ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഡി.ഡി. ആർ.സി. ലാബ് ഉത്ഘാടനം ഐ. എം.എ. കോട്ടയം ജില്ലാ ചെയർമാൻ ഡോ.രൻജിൻ ആർ.പി. നിർവ്വഹിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻ കാല, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. ബി. സ്മിത, റബ്ബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻ. ഹരി , ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.വി. സുനിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുകുമാരി ഐഷ , സി.എൻ. മനോഹരൻ, മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സുനു ജോർജ്, സാമൂഹ്യ പ്രവർത്തക പി.ജി. തങ്കമ്മ, തലയോലപ്പറമ്പ് മെഡിസിറ്റി സഹകരണ ആശുപത്രി പ്രസിഡൻ്റ് അഡ്വ. ഫിറോഷ് മാവുങ്കൽ എന്നിവർ ചടങ്ങിൽ വിശിഷ്ടാദി തികളാകും.

ചടങ്ങിന് പ്രോഗ്രാം കോർഡിനേറ്റർ പി. ജി. ഷാജി മോൻ സ്വാഗതവും ഡോ. വന്ദന ദാസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗം ബിജി വിനോദ് നന്ദിയും പറയും. വന്ദനയുടെ വീടിനോട് ചേർന്ന് ആധുനിക നിലവാരത്തിലുള്ള ഒരു ആശുപത്രി ഡോ. വന്ദന ദാസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്താൽ
തുടങ്ങണമെന്നാണ് വന്ദനയുടെ അച്ഛനും അമ്മയ്ക്കും ഇനിയുള്ള ആഗ്രഹം.