അയൽവാസിയായ കുട്ടി കണ്ടത് പുതപ്പിട്ട് മൂടിയ ബിൻസിയെ, ചുറ്റും രക്തം; കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് രാത്രി ഫോൺ വിളിക്കുന്നുവെന്ന സംശയത്തിൽ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് സംശയ രോഗത്തെ തുടർന്നെന്ന് പൊലീസ്. വെളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സുനിൽ വീട്ടിലേക്ക് എത്തുന്ന സമയത്ത് ഭാര്യ ആരോടോ ഫോണിൽ സംസാരിക്കുന്നുവെന്ന് സംശയം തോന്നി. തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ കുട്ടി രാവിലെ ബിൻസിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് തറയിൽ ബിൻസി കിടക്കുന്നത് കണ്ടത്.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കല്ലിയൂർ കുരുവിക്കാട്ടുവിളയിലാണ് സംഭവം. അയൽവാസിയായ കുട്ടി ബിൻസിയെ വിളിച്ചിട്ടും എണീക്കാത്തതിനാൽ തലയിൽ മൂടിയിരുന്ന പുതപ്പ് എടുത്ത് മാറ്റിനോക്കിയപ്പോഴാണ് രക്തം കണ്ടത്. ഇതോടെ ഭയന്ന കുട്ടി തന്‍റെ വീട്ടുകാരെ വിവരം അറിയിച്ചു. അവരെത്തി ബിൻസിയെ നേമം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു. ഈസമയം മക്കളായ സനോജിനെയും സിദ്ധാർഥിനെയും സ്‌കൂളിൽ വിട്ടശേഷം അടുത്ത വീടിനു സമീപം പതുങ്ങിയിരുന്ന സുനിലും ഓടിയെത്തി ബിൻസിയെ ആശുപത്രിയിലാക്കാൻ കൂടെപ്പോയിരുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ സനോജിനെയും രണ്ടാം ക്ലാസ് വിദ്യാർഥിയായ സിദ്ധാർഥിനെയും ഭാര്യയ്ക്കു സുഖമില്ലെന്ന് പറഞ്ഞ് രാവിലെതന്നെ ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് സുനിൽ സ്‌കൂളിലയക്കുകയായിരുന്നു.

ആശുപത്രിയിൽ വെച്ചാണ് സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി ബിൻസി ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സുനിൽ പൊലീസിനോടു പറഞ്ഞു. അർധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കല്ലിയൂരിൽ ഹരിതകർമ സേനാംഗമായിരുന്നു ബിൻസി. പതിമൂന്ന് വർഷമായി ബിൻസിയും കുടുംബവും ഇവിടെയാണ് താമസം. സംശയത്തിന്റെ പേരിൽ ബിൻസിയുമായി സുനിൽ വഴക്കിടുന്നത് പതിവാണ്. കുട്ടികളെയും ക്രൂരമായി ഇയാൾ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സുനിൽ ലഹരി ഉപയോഗിക്കുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group