
കോട്ടയം: ജില്ലയിലെ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ഓണാഘോഷപരിപാടികൾ പൂർണമായും ഹരിതചട്ടം പാലിച്ചുനടപ്പാക്കാൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം.
ഓണാഘോഷങ്ങളോടനുബന്ധിച്ചു നടത്തുന്ന പരിപാടികളിൽ മാലിന്യം പരമാവധി കുറയ്ക്കാൻ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
നവംബർ വരെ എല്ലാ മൂന്നാമത്തെ വെളളിയാഴ്ചയും ഓഫീസുകളിൽ ശുചീകരണപരിപാടി സംഘടിപ്പിക്കാനും ഓണം ഹരിത ഓണം എന്ന ബ്രാൻഡിങ്ങോടെ ആഘോഷിക്കാനും തീരുമാനമായി.
മാലിന്യമുക്തം നവകേളരം ക്യാമ്പയിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് കളക്ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ യോഗം ചേർന്നത്. ഓഫീസുകളിലെ ഈ വേസ്റ്റും ഉപയോഗശൂന്യമായ ഫർണിച്ചറുകളും ക്ലീൻ കേരള കമ്പിനിക്ക് നൽകണമെന്നും ഓഫീസുകളിലെ മാലിന്യങ്ങൾ ഹരിതകർമ സേനയ്ക്കു യൂസർ ഫീ നൽകി കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടു പരിശോധന സ്ക്വാഡുകൾ ഓഫീസുകളും സ്കൂളുകളും പരിശോധിക്കുമെന്നും നിർദേശങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ പിഴ ഈടാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
ഓണത്തിന് ഓഫീസുകളിൽ ഭക്ഷണസാമഗ്രികൾ നൽകുമ്പോൾ ഡിസ്പോസിബിൾ വസ്തുക്കൾ പാടില്ല എന്നു കാറ്ററിങ് സർവീസുകാർക്കു കർശനമായ നിർദേശം നൽകണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലിന്യങ്ങൾ വേർതിരിക്കാൻ പോലുമാകാത്ത രീതിയിൽ കുഴഞ്ഞുപോകാനിടയാക്കുന്ന പേപ്പർ റോളുകൾ ഉപയോഗിക്കുന്നില്ല എന്നുറപ്പാക്കണം. മത്സരങ്ങൾ പ്രകൃതിക്കിണങ്ങിയവയാകണമെന്നും യോഗം നിർദേശം നൽകി.
തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ എൻ.എസ് ഷൈൻ, മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലാ കോഡിനേറ്റർ ടി.പി. ശ്രീശങ്കർ എന്നിവർ പ്രസംഗിച്ചു. ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.