
തിരുവല്ല: മക്കൾക്ക് സ്കൂളിൽ പോകും മുൻപ് വസ്ത്രങ്ങൾ തയ്യാറാക്കാനുള്ള തിരക്കിൽ ശ്രദ്ധയൊന്ന് തെറ്റി. വീട്ടമ്മയുടെ വിരലിൽ തയ്യൽ മെഷീനിലെ തുളച്ച് കയറി. തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ ആണ് സംഭവം. സൂചി വിരലിൽ തറച്ച് കയറിയതിന് പിന്നാലെ കൈ മെഷീനിൽ നിന്ന് എടുക്കാനാവാതെ കുടുങ്ങിയ 32കാരിക്ക് അഗ്നിശമന സേനയാണ് രക്ഷകരായത്. കിഴക്കൻ മുത്തൂർ വലിയവീട്ടിൽ സൽമ (32)യുടെ വിരലാണ് തയ്യൽ മെഷീനിനുള്ളിൽ കുടുങ്ങിയത്. സ്കൂളിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മക്കൾക്ക് ധരിക്കാനുള്ള വസ്ത്രം തുന്നുന്നതിന് ഇടയിൽ സൽമയുടെ ഇടതുകൈയുടെ ചൂണ്ടുവിരലിന് മധ്യത്തിലൂടെ മെഷീന്റെ സൂചി കയറി ഇറങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വിരൽ മെഷീനിൽ നിന്ന് എടുക്കാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ ഉടൻ തന്നെ തിരുവല്ല അഗ്നിശമന സേനാ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് എത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ കെ ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ഡി ദിനുരാജ്, ആർ രാഹുൽ, പി എസ് സുധീഷ് എന്നിവർ ചേർന്ന് ഏറെ ശ്രമപ്പെട്ട് മെഷീനിൽ നിന്നും സൂചി ഊരി എടുക്കുകയായിരുന്നു. തുടർന്ന് സൽമയെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് കൈവിരലിൽ നിന്നും സൂചി നീക്കം ചെയ്തത്. വിരലിൽ ഒടിഞ്ഞ് കയറിയ അവസ്ഥയിലായിരുന്നു തയ്യൽ സൂചിയുണ്ടായിരുന്നത്.