ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു; നടപടി വിദേശത്തേക്ക് കടക്കാനുള്ള സൂചന ലഭിച്ചതിനെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

മുംബൈ: പീഡന കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റിലാകാതിരിക്കാൻ ബിനോയി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതി ഉത്തരവ് നാളെ വരാനിരിക്കെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നാളെ ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് പൊലീസിന്റെ ഈ നീക്കം.വിമാനത്താവളങ്ങളിൽ ബിനോയിയുടെ പാസ്‌പോർട്ട് രേഖകൾ നൽകും. യുവതി നൽകിയ കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം യുവതിയുടെ പരാതിയിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, വിവാഹ വാഗ്ദാനം നടത്തി ലൈംഗികമായി ചൂഷണം ചെയ്യുന്നത് പീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.ബിഹാർ സ്വദേശിനിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തിൽ എട്ടുവയസള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്. എന്നാൽ, തനിക്കെതിരെ യുവതി നൽകിയ പരാതി തള്ളി ബിനോയി രംഗത്തെത്തിയിരുന്നു. തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു.