‘വിലയേച്ചൊല്ലി തമ്മിലടി, പിന്നാലെ ഉറ്റ ചങ്ങാതിയുടെ ‘ഒറ്റ്’; തിരുവല്ല പാലിയേക്കരയിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ രണ്ട് ഇരുതലമൂരികളെ വനം വകുപ്പ് പിടിച്ചെടുത്തു

Spread the love

തിരുവല്ല: തിരുവല്ലയിലെ പാലിയേക്കരയിലെ വീട്ടിൽ നിന്നും അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ട് ഇരുതലമൂരികളെ വനം വകുപ്പ് പിടിച്ചെടുത്തു. തിരുവല്ല നഗരസഭയിൽ 23-ാം വാർഡിൽ പാലിയേക്കര കുന്നുബംഗ്ലാവിൽ വീട്ടിൽ രഞ്ജിത്ത് ( 27 ) വീടിൻ്റെ പിന്നിലായി പ്രത്യേകമായി നിർമിച്ച അറയിൽ നിന്നുമാണ് ഇരുതലമൂരികളെ പിടികൂടിയത്.

ഇരുതലമൂരികളുടെ വില സംബന്ധിച്ച് രഞ്ജിത്തും അങ്കമാലി സ്വദേശിയായ സുഹൃത്തും തമ്മിൽ കഴിഞ്ഞ ദിവസം അങ്കമാലിയിൽ വച്ച് അടിപിടി ഉണ്ടായിരുന്നു. ഇത് തുടർന്ന് സുഹൃത്ത് അങ്കമാലി പൊലീസിൽ രഞ്ജിത്തിന് എതിരെ പരാതി നൽകി. തുടർന്ന് രഞ്ജിത്തിനെ അങ്കമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുതലമൂരികളെ ഒളിപ്പിച്ചതായ വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് റാന്നിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയായിരുന്നു.

തുടർന്ന് പാലിയേക്കരയിലെ വീട്ടിൽ എത്തിയ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാർട്ടിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എഫ് യേശുദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എഫ് പ്രകാശ്, യു രാജേഷ് കുമാർ, മീര പണിക്കർ, എസ് ആർ രശ്മി എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ രഹസ്യ അറയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഇരുതലമൂരികളെ കണ്ടെടുത്തത്. ഇവയിൽ ഒന്നിന് ഒരു മീറ്റർ 6 സെൻറീമീറ്റർ നീളവും, മറ്റൊന്നിന് ഒരു മീറ്റർ 16 സെൻറീമീറ്റർ നീളവും വരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group