പെരുമ്പാവൂർ ബെവ്കോയ്ക്ക് സമീപം ചാക്കില്‍ കെട്ടിയ മൃതദേഹം; പോലീസും പിന്നാലെ ആംബുലന്‍സും സ്ഥലത്ത് പാഞ്ഞെത്തി: പരിശോധനയിൽ അടിച്ചു പൂസായ ബോഡിക്ക് അനക്കം; യുവാവിനെ ഉപദേശിച്ചു പറഞ്ഞയച്ച് പോലീസ്

Spread the love

പെരുമ്പാവൂർ: നഗരമധ്യത്തില്‍ ‘ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി’യെന്ന ഫോണ്‍ സന്ദേശം പോലീസിനെ വട്ടം ചുറ്റിച്ചു.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. നഗരത്തിലെ ബെവ്കോ മദ്യ വില്പനശാലയ്ക്ക് സമീപം ചാക്കില്‍ പൊതിഞ്ഞു കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് ഫോണില്‍ പോലീസിനെ അറിയിച്ചത്. ഇതോടെ പോലീസ് പാഞ്ഞു സ്ഥലത്തേത്തി.

ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ ‘മൃതദേഹത്തി’ന്റെ മുട്ടിനു കീഴെ കാലുകള്‍ മാത്രം പുറത്തുകാണാവുന്ന വിധത്തിലായിരുന്നുള്ളത്. വിവരം അറിയിച്ചതിനെത്തുടർന്ന് ആംബുലൻസും ഉടൻതന്നെ സ്ഥലത്തെത്തി. ആംബുലൻസില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടെ ‘ബോഡി’ക്ക് അനക്കം, പോലീസ് അമ്പരന്നു. തല മൂടിയിരുന്ന ചാക്ക് മാറ്റി ‘ബോഡി’ മുഖം കാണിച്ചു. മദ്യപിച്ച്‌ ലക്കുകെട്ടതോടെ സമീപത്തുനിന്നുകിട്ടിയ ചാക്കുകളെല്ലാം കൂട്ടിക്കെട്ടി വെയിലേല്‍ക്കാതെ തലവഴി മൂടി കിടന്നുറങ്ങുകയായിരുന്നു കക്ഷി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അല്ലപ്ര പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളിയായ മുർഷിദാബാദ് സ്വദേശിയായ 30 വയസ്സുകാരനാണ് ചാക്കുകൊണ്ട് മേലാസകലം മൂടി പാടശേഖരത്തിനു സമീപം കിടന്ന് ഉറങ്ങിയത്. സംഭവത്തിൽ ആശങ്കയുണ്ടായെങ്കിലും ‘കൊലപാതകമോ അജ്ഞാത ബോഡിയോ’ അല്ലെന്നുള്ള ആശ്വാസത്തില്‍ പോലീസ് യുവാവിനെ ഉപദേശിച്ച്‌ വിട്ടയച്ചു.