
ഡൽഹി:
വെള്ളം മാത്രം കുടിച്ച് കൊടുംകാട്ടില്‍ ഒരാള്‍ക്ക് എത്രദിവസം അതിജീവിക്കാൻ കഴിയും? അതും ചെളിവെള്ളമാണെങ്കിലോ?
അത്തരത്തിലുള്ള അത്ഭുതകരമായ രക്ഷപ്പെടലിന്റെ കഥയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.
ഒന്നും രണ്ടുമല്ല, ഒമ്പത് ദിവസമാണ് ആൻഡ്രൂ ബാർബർ എന്ന 39-കാരൻ ചെളിവെള്ളം മാത്രം കുടിച്ച് കൊടുംകാട്ടില്‍ കഴിച്ചുകൂട്ടിയത്. കാനഡയിലാണ് സംഭവം നടന്നത്.
ജൂലായ് 31 മുതലാണ് ആൻഡ്രുവിനെ കാണാതായത്. ഇയാള്‍ ഓടിച്ചിരുന്ന ട്രക്ക് ബ്രേക്ക് ഡൗണായിരുന്നു. വടക്കൻ വാൻകൂവറില്‍ നിന്ന് 587 കിലോമീറ്റർ അകലെ മക്ലീസ് തടാകത്തിന് സമീപത്തുവെച്ചാണ് ട്രക്ക് പണിമുടക്കിയത്. അന്ന് മുതല്‍ ക്വെസ്നെല്‍ സെർച്ച് ആൻഡ് റെസ്ക്യൂ (ക്യുഎസ്‌ആർ) സംഘം ആൻഡ്രുവിനായി തിരച്ചില്‍ തുടങ്ങുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടിലൂടെയുള്ള റോഡില്‍ വെച്ചാണ് ആൻഡ്രുവിന്റെ ട്രക്ക് ബ്രേക്ക്ഡൗണായത്. താൻ കുടുങ്ങി എന്ന് മനസിലായ അദ്ദേഹം സുരക്ഷിതമായ സ്ഥലത്തേക്ക് മാറി. ഏകദേശം അഞ്ച് കിലോമീറ്ററോളം അകലെ വലിയൊരു പാറയ്ക്കടുത്തേക്കാണ് ആൻഡ്രു പോയത്. തുടർന്ന് ചെളികൊണ്ട് താത്കാലിക ഷെല്‍ട്ടറുണ്ടാക്കി അതില്‍ താമസിച്ചു. ഒമ്പത് ദിവസമാണ് ആൻഡ്രു ഈ ചെളിവീട്ടില്‍ കഴിഞ്ഞത്.
സമീപത്തെ കുളത്തില്‍ നിന്നുള്ള ചെളിവെള്ളം മാത്രം കുടിച്ചാണ് ആൻഡ്രു ഈ ദിവസങ്ങളില്‍ അതീജിവിച്ചത്. ഒപ്പം ആ വലിയ പാറയില്‍ HELP എന്ന സഹായാഭ്യർഥന അദ്ദേഹം കൊത്തിവെക്കുകയും ചെയ്തു. കൂടാതെ സഹായത്തിനുവേണ്ടിയുള്ള മറ്റൊരു വാക്കായ SOS ആൻഡ്രു ചെളിയിലും വലുതാക്കി എഴുതി. ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തുകയായിരുന്ന ക്യുഎസ്‌ആർ സംഘം ഈ രണ്ട് വാക്കുകളും കണ്ടാണ് ആൻഡ്രുവിന് സമീപം പറന്നിറങ്ങിയത്.
ഭക്ഷണമില്ലാതെ ദീർഘനാള്‍ മനുഷ്യന് കഴിയാം, പക്ഷേ വെള്ളം കുടിച്ചില്ലെങ്കില്‍ അങ്ങനെയല്ല എന്ന അറിവുള്ളതിനാലാണ് ആൻഡ്രു ചെളിവെള്ളം കുടിച്ച് അതിജീവിച്ചത്. അദ്ദേഹത്തെ കണ്ടെത്തുമ്പോള്‍ ചെറിയ പരിക്കുകള്‍ ശരീരത്തിലുണ്ടായിരുന്നു. ഒപ്പം നിർജലീകരണവും സംഭവിച്ചിരുന്നു. കാട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ ആൻഡ്രുവിനെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്.