തുറക്കാൻ താമസിച്ച റേഷൻകട സസ്പെൻഡ് ചെയ്യാൻ ഓഫീസറെത്തിയത് മദ്യപിച്ച്‌; നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ ഇറങ്ങിയോടി; ഓഫീസറുടെ പേരിൽ കേസെടുത്ത് പോലീസ്

Spread the love

കോതമംഗലം: ഇരമല്ലൂരില്‍ തുറക്കാൻ താമസിച്ച റേഷൻകട സസ്പെൻഡ് ചെയ്യാനെത്തിയ താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചൻ മദ്യപിച്ചത് കുരുക്കായി.

ജോലി സമയത്ത് മദ്യപിച്ചാണെത്തിയതെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തു. വകുപ്പുതല അന്വേഷണവും ഉണ്ടാകും.

ഇരമല്ലൂർ നമ്പർ 14 ലൈസൻസി സി.എം. അലിയാരിന്റെ റേഷൻകട അര മണിക്കൂർ താമസിച്ച്‌ തുറന്നതിനെ തുടർന്നായിരുന്നു നടപടി. കൃത്യസമയത്ത് തുറക്കാത്തതിന് റേഷൻകട സസ്പെൻഡ് ചെയ്യാൻ റേഷനിങ് ഇൻസ്പെക്ടറാണ് ചൊവ്വാഴ്ച രാവിലെ ആദ്യം എത്തിയത്. ലൈസൻസി ഓർഡർ കൈപ്പറ്റാതിരുന്ന വിവരം അറിയിച്ചതോടെയാണ് താലൂക്ക് സപ്ലൈ ഓഫീസർ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസർ നടപടിയെടുക്കാൻ തുടങ്ങിയപ്പോള്‍ കടയുടമയും നാട്ടുകാരും മറ്റ് റേഷൻ വ്യാപാരികളും തർക്കവുമായെത്തി. ജോലി തടസ്സപ്പെടുത്തുന്ന വിവരം ഓഫീസർ പോലീസില്‍ അറിയിച്ചു. ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ ഓഫീസർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം ഉയർത്തി. ഇതേച്ചൊല്ലിയായി പിന്നീട് തർക്കം.

ശാരീരിക അസാസ്ഥ്യം പ്രകടിപ്പിച്ച ഓഫീസറെ വൈദ്യപരിശോധനയ്ക്കായി റേഷൻ സംഘടനാ ഭാരവാഹിയുടെ കാറില്‍ കൊണ്ടുപോകാൻ തുടങ്ങിയപ്പോള്‍ നാട്ടുകാർ തടഞ്ഞു.
തുടർന്ന് നെല്ലിക്കുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ നാട്ടുകാരെത്തിച്ചെങ്കിലും പരിശോധനയ്ക്ക് ഓഫീസർ തയ്യാറായില്ല. തർക്കത്തിനിടെ ഓഫീസർ കാറില്‍നിന്ന് ഇറങ്ങിയോടി.

പിന്നാലെ നാട്ടുകാരും. ഓഫീസറെ ഓടിച്ചിട്ടുപിടിച്ച്‌ നാട്ടുകാർ പോലീസ് സാന്നിധ്യത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ ഷിജു പി. തങ്കച്ചൻ മദ്യപിച്ചതായി തെളിഞ്ഞതോടെ പോലീസ് അധികൃതർക്ക് റിപ്പോർട്ട് കൈമാറി. വകുപ്പു തല പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് തിരുവനന്തപുരം കമ്മിഷണർ ഓഫീസിനു കൈമാറി. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഷിജു പി. തങ്കച്ചനെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.