വാഴകളിൽ ഇലപ്പുള്ളി രോഗം പടരുന്നു: രോഗം പടർന്നുപിടിച്ചതോടെ ഓണം വിപണി ലക്ഷ്യമാക്കി വാഴക്കൃഷി ചെയ്ത കർഷകർ പ്രതിസന്ധിയിൽ

Spread the love

മുണ്ടക്കയം: വാഴകളില്‍ ഇലപ്പുള്ളിരോഗം പടരുന്നത് സംസ്ഥാനത്തെ വാഴകർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇലപ്പുള്ളി രോഗം പടർന്നുപിടിക്കുവാൻ കാരണം.
.വാഴയുടെ ഇലകളില്‍ മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്‍റെ ആദ്യ ലക്ഷണം.

പിന്നീട് ഇത് മറ്റ് ഇലകളിലേക്ക് വ്യാപിക്കുകയും വാഴയുടെ വളർച്ച മുരടിച്ച്‌ നശിക്കുകയുമാണ് ചെയ്യുന്നത്. ഏത്തവാഴകളിലാണ് ഇലപ്പുള്ളി രോഗം ഏറ്റവും കൂടുതല്‍ പിടിപെടുന്നത്. എന്നാല്‍ ഈ വർഷം മറ്റു വാഴകളിലേക്കും ഈ രോഗം വ്യാപിക്കുന്നുണ്ട്.

മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ ഈ വർഷം ഇലപ്പുള്ളി രോഗം വ്യാപകമായാണ് വാഴകളില്‍ പടർന്നുപിടിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് പ്രധാന കാരണമെന്ന് കൃഷി വിദഗ്ധർ പറയുന്നു. മേയ് മാസത്തില്‍ ആരംഭിച്ച മഴ ഇടതടവില്ലാതെ പെയ്യുന്നതാണ് കുമിള്‍മൂലമുള്ള ഇലപ്പുള്ളി രോഗം വാഴകളില്‍ പടരാൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം പഞ്ചായത്തിന്‍റെ പുഞ്ചവയല്‍, 504, കണ്ണിമല അടക്കമുള്ള മേഖലകളില്‍ രോഗം വ്യാപകമാണ്. ആദ്യ ലക്ഷണം കാണുമ്പോള്‍തന്നെ കൂടുതല്‍ വാഴകളിലേക്ക് കുമിള്‍രോഗം പടരാതിരിക്കാൻ കർഷകർ വാഴയുടെ ഇലകള്‍ വെട്ടിമാറ്റും. ഇതു പലപ്പോഴും വാഴയുടെ വളർച്ചയെ സാരമായി ബാധിക്കും. രോഗം കൂടുതലായി പിടിപെട്ടാല്‍ വാഴ ചുവടെ പിഴുതുകളയേണ്ട ഗതികേടിലാണെന്നു കർഷകർ പറയുന്നു. പിഴുതു മാറ്റുന്ന വാഴകളും ഇലയും തോട്ടത്തില്‍നിന്ന് ഏറെ ദൂരെ കൊണ്ടുപോയി നശിപ്പിച്ചു കളയണം. മറ്റു വാഴകളിലേക്കു രോഗം പടരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

രോഗം പടർന്നുപിടിച്ചതോടെ ഓണം വിപണി ലക്ഷ്യമാക്കി വാഴക്കൃഷി ചെയ്ത കർഷകർക്ക് ഈ വർഷം നിരാശയാണ് ഫലം. പ്രദേശത്തെ നൂറുകണക്കിന് വാഴകളാണ് ഇലപ്പുള്ളി രോഗം പിടിപെട്ടതിനെത്തുടർന്ന് കർഷകർക്ക് വെട്ടിമാറ്റേണ്ടി വന്നത്. ഇതോടെ വായ്പെടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകരാണ് ദുരിതത്തിലായത്.