‘ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്’; ബിഷപ്പ് പാംപ്ലാനിക്കെതിരായ പ്രസ്‌താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കത്തോലിക്ക കോൺഗ്രസ്

Spread the love

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച സിപിഎം സംസ്ഥാന സെകര്ട്ടറി എംവി ഗോവിന്ദനെതിരെ കേരള കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തി. എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവാനായെന്ന് ഫാദർ ഫിലിപ്പ് കവിയിൽ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണൻ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് എംവി ഗോവിന്ദൻ മറക്കരുത്. പ്രസ്‌താവന തിരുത്തണോയെന്ന് എം വി ഗോവിന്ദൻ തീരുമാനിക്കട്ടെ. മൂന്നാം പിണറായി സർക്കാർ വരണോ എന്ന് അവർ ആലോചിക്കണം. പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചു. ഗോവിന്ദൻ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനമാണ് എംവി ഗോവിന്ദൻ ഉന്നയിച്ചത്. ബിഷപ്പ് പാംപ്ലാനി അവസരവാദിയാണെന്ന് പറഞ്ഞ അദ്ദേഹം ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ ബിജെപിക്കെതിരെ പറഞ്ഞ പാംപ്ലാനി, ജാമ്യം കിട്ടിയപ്പോൾ അമിത് ഷായെ സ്തുതിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരായാണ് കത്തോലിക്ക കോൺഗ്രസിൻ്റെ പ്രതികരണം.

നേരത്തെ തലശേരി അതിരൂപത തന്നെ എംവി ഗോവിന്ദനെതിരെ രംഗത്ത് വന്നിരുന്നു. എം വി ഗോവിന്ദന്റെ പരാമർശം ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമെന്നാണ് തലശ്ശേരി അതിരൂപത കുറ്റപ്പെടുത്തിയത്. എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങിയ ശേഷമാണോ മെത്രാന്മാർ പ്രവർത്തിക്കേണ്ടത്? ഛത്തീസ്ഗഡ് വിഷയത്തിലെ കേന്ദ്ര ഇടപെടലിന് നന്ദി അറിയിച്ചതിൽ മാറ്റമില്ല. ഡിവൈഎഫ്ഐയുടെ വിലകുറഞ്ഞ പ്രസ്താവനകൾക്ക് കുടപിടിക്കുന്നത് അപലപനീയമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയാണ് അവസരവാദിയെന്ന വിശേഷണത്തിന് ആപ്‌തൻ. സ്വന്തം സ്വഭാവ വൈകല്യങ്ങളെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോൽ ആക്കരുത്. സ്വന്തം പാർട്ടിയെയും മുഖ്യമന്ത്രിയും വെട്ടിലാക്കുന്ന നിലപാടാണ് എം വി ഗോവിന്ദന്‍റേതെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group