നെഹ്റു ട്രോഫിയിൽ മുത്തമിടാൻ കോട്ടയത്തു നിന്ന് 3 ചുണ്ടൻ വള്ളങ്ങൾ: ആവേശം ഒട്ടും കുറയാതെ പരിശീലന തുഴച്ചിൽ തുടങ്ങി: പരിശീലന സ്ഥലങ്ങളിലേക്ക് വളളംകളി പ്രമികളുടെ ഒഴുക്ക്: ഇനി പുന്നമടയിൽ എത്തുന്നതു വരെ തിത്തിത്താരാ.. തിത്തിതൈ …തെയ് തെയ് തക തെയ് തെയ് തോം…

Spread the love

കോട്ടയം: ആലപ്പുഴ പുന്നമടക്കായലില്‍ ആഗസ്റ്റ് 30നു നടക്കുന്ന ഓളപ്പരപ്പിലെ ഒളിമ്പിക്സില്‍ മാറ്റുരയ്ക്കാൻ ജില്ലയില്‍നിന്നു മൂന്നു ജലരാജാക്കന്മാർ ഒരുക്കം തുടങ്ങി.
കുമരകം ടൗണ്‍ ബോട്ട് ക്ലബ്, കുമരകം ഇമ്മാനുവേല്‍ ബോട്ട് ക്ലബ്, ചങ്ങനാശേരി ബോട്ട് ക്ലബ് എന്നീ പ്രമുഖ ക്ലബ്ബുകളാണ് ജില്ലയില്‍ നെഹ്റു ട്രോഫി എത്തിക്കാൻ തുഴയെറിയാൻ പുന്നമടയിലെത്തുക.

കുട്ടനാട്ടിലെ വള്ളംകളി പ്രേമികളുടെ ഹരമായിരുന്ന കുമരകത്തെ ക്ലബ്ബുകള്‍ ആലപ്പുഴയില്‍ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുകയും പല റിക്കാർഡുകള്‍ക്കും ഉടമകളാകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒമ്പതു വർഷമായി മുൻ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിന്‍റെ കൈയൊപ്പുള്ള വെള്ളിക്കപ്പുമായി കുമരകത്തെത്താൻ കഴിഞ്ഞിട്ടില്ല. കുമരകത്തെ ആദ്യ ക്ലബ്ബായ കുമരകം ബോട്ട് ക്ലബ് 2002-ല്‍ വെള്ളംകുളങ്ങര ചുണ്ടനില്‍ സുവർണ ജൂബിലി ട്രോഫി നേടിയ കരുത്തന്മാരാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം ഇക്കുറി മത്സരരംഗത്തില്ല.

കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുടർച്ചയായ നാലു വർഷങ്ങളില്‍ നെഹ്റു ട്രോഫിയില്‍ മുത്തമിട്ട കരുത്തന്മാരാണെങ്കിലും കഴിഞ്ഞവർഷങ്ങളില്‍ നിർഭാഗ്യം മൂലം കപ്പ് നേടാനായില്ല. 2023 ല്‍ ചമ്പക്കുളം ചുണ്ടനില്‍ മത്സരിച്ചപ്പോള്‍ മില്ലി സെക്കൻഡിന്‍റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തായി. കഴിഞ്ഞ വർഷം നടുഭാഗം ചുണ്ടനില്‍ മത്സരിച്ചപ്പോള്‍ മൂന്നാംസ്ഥാനക്കാരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇത്തവണ വലിയ മുന്നൊരുക്കത്തോടെയാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബ് പുന്നമടയില്‍ അങ്കം കുറിക്കുക. കഴിഞ്ഞ വർഷം നീരണിഞ്ഞ പുതിയ പായിപ്പാടൻ ചുണ്ടനിലാണ് മത്സരിക്കുന്നത്.

ഒരു മാസത്തെ പരിശീലനമാണ് തുഴച്ചില്‍കാർക്ക് ക്ലബ് നല്‍കുക. പഴയ പായിപ്പാടൻ ചുണ്ടനില്‍ 10 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ ക്ലബ് ഇന്നലെ മുതല്‍ പുതിയ പായിപ്പാടൻ ചുണ്ടനില്‍ പരിശീലനം തുടങ്ങി. മന്ത്രി വി.എൻ. വാസവൻ പരിശീലനം ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ഫ്ലാഗ് ഓഫ് ചെയ്തു.

കുമരകത്തിന്‍റെ സ്വന്തം ചുണ്ടനായ നടുവിലേപ്പറമ്പൻ ചുണ്ടനാണ് കുമരകത്തുനിന്നും പുന്നമട കായലില്‍ മാറ്റുരയ്ക്കുന്ന രണ്ടാമത്തെ ചുണ്ടൻ. കുമരകം ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബാണ് ചുണ്ടൻ തുഴയുന്നത്. ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബിന്‍റെ പരിശീലനം ഔദ്യോഗികമായി തുടങ്ങുന്നത് 15നാണ്. 2022ല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയവരാണിവർ.

ചങ്ങനാശേരി ബോട്ട് ക്ലബ്ബും ഇന്നു പരിശീലനം ആരംഭിക്കും. ചമ്പക്കുളം ചുണ്ടനിലാണ് ചങ്ങനാശേരി ബോട്ട് ക്ലബ് മത്സരിക്കുക.