
സ്വന്തം ലേഖകൻ
മുംബൈ: മുപ്പത്തിയാറു വർഷം മുമ്പാണ് ലോർഡ്‌സിൽ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടം നടന്നത്. ഇന്ത്യയുടെ അഭിമാനമുയർത്തി നായകൻ കപിൽദേവ് ലോകകപ്പ് ഏറ്റുവാങ്ങി. വിൻഡീസിനെ 52 ഓവറിൽ 140 ന് പുറത്താക്കിയ ഇന്ത്യ പുതുചരിത്രം കുറിച്ചു.അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിനും വിൻഡീസ് ക്രിക്കറ്റിനും മറക്കാൻ കഴിയാത്ത ദിനമായി 1983 ജൂൺ 25 മാറി. തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ വിൻഡീസും കറുത്ത കുതിരകളായ ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിൽ കരീബിയൻ പടയ്ക്ക് വിജയം ഉറപ്പിച്ചാണ് ഏവരും മത്സരം കാണാനെത്തിയത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ക്ലൈവ് ലോയിഡിന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിൽ തന്നെ കരീബിയൻ പേസ് പട പന്തെറിഞ്ഞു.രണ്ട് റൺസെടുത്ത സുനിൽ ഗാവസ്‌കറെ ആൻഡി റോബർട്‌സ് വിക്കറ്റ് കീപ്പർ ഡ്യൂജോണിന്റെ കൈകളിൽ എത്തിക്കുമ്പോൾ ഇന്ത്യൻ സ്‌കോർബോർഡിൽ രണ്ട് റൺസ് മാത്രം. തുടർന്ന് ശ്രീകാന്തും മൊഹീന്ദർ അമർനാഥും തമ്മിലുള്ള 57 റൺസിൻറെ നിർണായക കൂട്ടുകെട്ട്.വിജയ ടോട്ടൽ അല്ലെങ്കിലും പൊരുതാൻ പോന്ന സ്‌കോറാണ് തങ്ങളുടേതെന്ന കപിലിന്റെ വാക്കുകൾ ടീം നെഞ്ചിലേറ്റിയപ്പോൾ തകർന്നടിഞ്ഞത് ലോകത്തെ ഏറ്റവും കരുത്തുറ്റ ബാറ്റിംഗ് നിരയാണ്. പകുതിവേളയിൽ വിൻഡീസിന് ജയമുറപ്പിച്ചവരാണ് മുഴുവനുമെങ്കിലും പ്രവചനങ്ങൾ തകർന്നടിയുന്നതാണ് പിന്നീട് കണ്ടത്.അമർനാഥും മദൻലാലും സന്ധുവും കപിലും ബിന്നിയും പുറത്തെടുത്തത് അവിശ്വസനീയ മികവ്. മത്സരം റാഞ്ചിയെടുക്കാൻ കെൽപ്പുള്ള വിവിയൻ റിച്ചാഡ്‌സിനെ പുറത്താക്കാൻ പുറം തിരിഞ്ഞോടി കപിലെടുത്ത ക്യാച്ചും നിർണായകമായി. അമർനാഥും മദൻലാലും മൂന്നുവിക്കറ്റ് വീതവും സന്ധു രണ്ട് വിക്കറ്റും വീഴ്ത്തി. കപിലിനും ബിന്നിക്കും ഓരോ വിക്കറ്റുവീതവും ലഭിച്ചു.വിലപ്പെട്ട 26 റൺസും, 12 റൺസ് വഴങ്ങി മൂന്നുവിക്കറ്റും വീഴ്ത്തിയ മൊഹീന്ദർ അമർനാഥിൻറെ ഓൾറൗണ്ട് മികവിനെ തേടി പ്‌ളേയർ ഓഫ് ദ മാച്ച് പുരസ്‌കാരം. കൂട്ടായ്മയിലൂടെ ജയം നേടിയ കപിലും കൂട്ടരും ഇന്ത്യയിൽ ക്രിക്കറ്റിന് അസാമാന്യ വളർച്ചയ്ക്ക് കാരണക്കാരായി മാറി.