
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് അറുപത്തിനാലുകാരിയെ തളളിയിട്ട് ബാഗുമായി കടന്ന മോഷ്ടാവ് അറസ്റ്റില്‍.
മുംബയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവം നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മോഷണശേഷം മറ്റൊരു ട്രെയിനില്‍ കയറി ഇയാള്‍ മുംബയില്‍ എത്തുകയായിരുന്നു.
മുംബയില്‍ സഹോദരന്റെ വീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അമ്മിണിയുടെ ബാഗുമായാണ് മോഷ്ടാവ് കടന്നത്. നിലത്തുവീണതിനെത്തുടർന്ന് അമ്മിണിക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മോഷ്ടാവ് കൊണ്ടുപോയ ബാഗില്‍ 8500 രൂപ ഉണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്-1 കോച്ചില്‍ വാതിലിനോട് ചേർന്ന സീറ്റിലായിരുന്നു അമ്മിണി ഇരുന്നത്. സഹോദരൻ വർഗീസും ഒപ്പമുണ്ടായിരുന്നു. ട്രെയിൻ കോഴിക്കോട് നിറുത്തിയപ്പോള്‍ വർഗീസ് ബാത്ത്റൂമിലേക്ക് പോയി. ഇതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് കടക്കാൻ ശ്രമിച്ചു. ഇതുകണ്ട് അമ്മിണി ബാഗില്‍ പിടിച്ചുവലിച്ച് മോഷ്ടാവിനെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ ബാഗ് ബലംപ്രയോഗിച്ച് തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ പുറത്തേക്ക് തള്ളിയിടുകയും പിന്നാലെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. കോച്ചില്‍ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും നല്ല ഉറക്കമായിരുന്നതിനാല്‍ അവർ ആരും സംഭവം അറിഞ്ഞില്ല.
ശബ്ദംകേട്ട് ബാത്ത് റൂമില്‍ നിന്ന് പുറത്തേക്ക് വന്ന വർഗീസ് ടിടിഇയുടെ സഹായത്തോടെ ട്രെയിൻ ചങ്ങലവലിച്ച് നിറുത്തി. പുറത്തിറങ്ങിയ വർഗീസ് ട്രെയിൻ വന്ന വഴിയിലൂടെ ഓടി.മറ്റുചില യാത്രക്കാരും ഒപ്പംകൂടി. കുറച്ചകലെ തലപൊട്ടി ചോരയൊലിപ്പിച്ച് കിടന്ന അമ്മിണിയെ തിരികെ കയറ്റി ട്രെയിൻ യാത്ര തുടർന്നു.തുടർന്ന് തിരൂർ സ്റ്റേഷനില്‍ ഇറങ്ങുകയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ബന്ധുക്കള്‍ ഇവരെ തൃശൂരിലേക്ക് കൊണ്ടുപോയി.