
കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഒരു അനസ്തേഷ്യാ ഡോക്ടർക്ക് ഏഴ് വർഷം കഠിനതടവും നാടുകടത്തലും വിധിച്ചു. തടവ് ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. അബോധാവസ്ഥയിലായിരുന്ന ഒരു വനിതാ രോഗിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് കോടതി ശിക്ഷ വിധിച്ചത്.
ജഡ്ജി അൽ ദുവൈഹി മുബാറക് അൽ-ദുവൈഹിയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതിയാണ് വിധി പ്രസ്താവിച്ചത്. പരാതിക്കാരിയുടെ മൊഴി, സാക്ഷിമൊഴികൾ, ക്രിമിനൽ അന്വേഷണത്തിലെ കണ്ടെത്തലുകൾ, പ്രതിയുടെ കുറ്റസമ്മതം എന്നിവയെല്ലാം പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. താമസിക്കാൻ സ്ഥലം ആവശ്യമെങ്കിൽ തന്നെ ബന്ധപ്പെടാമെന്ന് ഡോക്ടർ രോഗിയോട് പറഞ്ഞിരുന്നതായും ഇത് കേസിന്റെ ഭാഗമായി പരിഗണിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രതി ഒരു സർക്കാർ ജീവനക്കാരനായതിനാൽ അയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.