
ഡല്‍ഹി :ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില് ഇടിഞ്ഞു വീണ് ഏഴ് പേര് മരിച്ചു.
മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പുര്‍ പ്രദേശത്തുള്ള ഹരി നഗറിലാണ് സംഭവം. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25), ഡോളി (25), റുക്സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഒരു പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ ഉടന്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സക്കിടെ ഏഴ് പേര് മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് മതില് ഇടിഞ്ഞുവീണത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡല്‍ഹിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തു ദിവസം മുമ്പ് ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന ഒരു കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.