
വൈക്കം: എല്ലാ സമ്മേളനങ്ങളിലും ചർച്ചകളും വിമർശനങ്ങളും ഉയരണം. എങ്കിൽ മാത്രമേ പാർട്ടിക്ക് കൂടുതൽ കരുത്താർജിച്ച് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വൈക്കത്ത് നടക്കുന്ന സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നേതാക്കളെ കാണുമ്പോൾ സ്തുതി പാടുക മാത്രമല്ല, അവരെ അണികൾ വിമർശിക്കുകയും ചെയ്യണമെന്നും
മറ്റ് രാഷ്ട്രീയ പാർട്ടികളെപോലെ നേതൃത്വം പറയുന്നവരെ നിയമിക്കുകയല്ല സിപിഐ ചെയ്യുന്നത്. ജില്ലാ കൗൺസിൽ അംഗങ്ങളെയും ജില്ലാ സെക്രട്ടറിയെയും തിരഞ്ഞെടുക്കയാണ്.
ഇതുവരെ നടന്ന സമ്മേളനങ്ങളിൽ 15 മിനിറ്റിൽ താഴെ സമയമെടുത്ത് മാത്രമാണ് ജില്ലാ കൗൺസിലിനെ തിരഞ്ഞെടുത്തത്. സെക്രട്ടറിയെ 30 സെക്കൻഡിൽ തിരഞ്ഞെടുത്ത ചരിത്രമാണ് പാർട്ടിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പണമാണ് മുതലാളിത്തത്തിന്റെ ആധാരം. എന്നാൽ, പാർട്ടിക്ക് മനുഷ്യരാണ് വലുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഉറ്റചങ്ങാതിമാരായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ മോദിക്ക് ട്രംപ് പണികൊടുത്തിരിക്കുകയാണ്. 56 ഇഞ്ച് നെഞ്ചളവാണ് മോദിക്കുള്ളതെന്നാണ് ബിജെപിക്കാർ പറയുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കാൻ മോദിക്ക് ഇപ്പോൾ കഴിയാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സമ്മേളനങ്ങളിൽ ധന, കൃഷി, ആഭ്യന്തര വകുപ്പുകൾക്കെതിരെയാണ് കൂടുതൽ വിമർശനങ്ങൾ ഉയർന്നത്. റബർ ചെരുപ്പിട്ട് നടന്നാൽ മാത്രം പോരെന്നും കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കണമെന്നുമായിരുന്നു കൃഷിമന്ത്രിക്കെതിരെ മുൻപ് ഉയർന്ന വിമർശനം. നെല്ല് സംഭരണ കുടിശികയും കർഷക പെൻഷൻ വൈകിയതും ഉൾപ്പെടെയുള്ള വിഷയങ്ങളും ഉയർന്നിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ധനവകുപ്പ് മുൻപെങ്ങുമില്ലാത്ത വിധം മറ്റു വകുപ്പുകളോട് മുഖം തിരിഞ്ഞു നിൽക്കുകയാണെന്ന വിമർശനത്തിനും സാദ്ധ്യതയേറെയാണ്. ഇത് മൂലം ജില്ലയിൽ പാർട്ടിക്ക് വേരോട്ടമുള്ള പടിഞ്ഞാറൻ പ്രദേശങ്ങളിലെ കർഷകർ ദുരിതത്തിലായെന്നാണ് ആക്ഷേപം. ജില്ലയിൽ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പാളിയതിലെ നീരസവും സപ്ലൈ വകുപ്പിനെതിരായി ഉന്നയിക്കും.
ആശാ വർക്കർമാരുടേയും സ്കൂൾ പാചക തൊഴിലാളികളുടേയും വിഷയത്തിൽ സർക്കാർ കാട്ടുന്ന അവഗണനയിലും അമർഷമുണ്ട്. പാചകത്തൊഴിലാളികളുടെ വിഷയത്തിൽ എ.ഐ.ടി.യു.സി പരസ്യ പ്രതിഷേധം ഉയർത്തിയിട്ടും ഫലം കണ്ടില്ല. ഇരുവിഭാഗങ്ങളിലും പാർട്ടി അനുഭാവികളായ കുടുംബാംഗങ്ങൾ ഏറെയുണ്ടന്ന കാര്യം നേതൃത്വം മറക്കരുതെന്നും പ്രതിനിധികൾ ഓർമ്മിപ്പിക്കും.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു അധ്യക്ഷതവഹിച്ചു. നേതാക്കളായ എം.ഡി. ബാബുരാജ്, ആർ. രാജേന്ദ്രൻ, സി.കെ. ശശിധരൻ, ആർ. സുശീലൻ, ടി.വി. ബാലൻ, പി.കെ. കൃഷ്ണൻ, ടി.എൻ. രമേശൻ, മോഹൻ ചേന്നംകുളം, അഡ്വ. വി.കെ. സന്തോഷ്‌കുമാർ, കെ. അജിത്ത്, സി.കെ. ആശ എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.