ബാല്യം മാറാത്ത പതിമൂന്നുകാരികളായ രണ്ട് പെൺകുട്ടികൾക്കൂടി അമ്മയാകാൻ പോകുന്നു ; മലയാളികളേ ലജ്ജിക്കൂ..ഇതും കേരളത്തിലാണ്
സ്വന്തം ലേഖിക
മലപ്പുറം: പുറംലോകവുമായി ബന്ധമില്ലാത്ത ചോലനായ്ക്കർ വസിക്കുന്ന നിലമ്പൂർ മാഞ്ചീരി ആദിവാസി കോളനിയിൽ ബാല്യം മാറാത്ത രണ്ടു പെൺകുട്ടികൾകൂടി അമ്മയാകാനൊരുങ്ങുന്നു. പോക്സോ പ്രകാരം കേസെടുക്കാനാവതെ അധികൃതർ. ചോലനായ്ക്കവിഭാഗത്തിലെ പെൺകുട്ടികൾ ലൈംഗികചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങൾ ഗൗരവത്തോടെ കാണാൻ അധികൃതർ ഇപ്പോഴും തയാറല്ല. കുട്ടികൾ ഗർഭിണികളാണെന്നു സ്ഥിരീകരിച്ചെങ്കിലും നിയമനടപടി പ്രയാസമാണെന്നു നിലമ്പൂർ ഐ.ടി.ഡി.പി. ഓഫീസർ ടി. ശ്രീകുമാർ കൈമലർത്തുന്നു.ഇവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ എത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ മറ്റു സഹായങ്ങളും ലഭ്യമാക്കും. ഏഷ്യയിലെ ഏക പ്രാക്തനഗോത്രവും ഗുഹാവാസികളുമായ ചോലനായ്ക്കരുടെ ജീവിതം അത്യപൂർവ്വമാണ്. നിലവിൽ ഗർഭിണികളായ രണ്ടു പെൺകുട്ടികൾക്കും 13 വയസേയുള്ളൂ. ഇവരിലൊരാൾ വിവാഹിതയുമാണ്. ഒന്നരവയസുള്ള ആദ്യത്തെ കുഞ്ഞിനെ ഒക്കത്തു പേറുമ്പോഴാണ് ഇവൾ രണ്ടാമതും ഗർഭം ധരിച്ചത്.അവിവാഹിതയായ പെൺകുട്ടി നാലുമാസം ഗർഭിണിയാണ്. ആ പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തേ മരിച്ചു. ഉറ്റബന്ധുവിനൊപ്പമാണു താമസം. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ചോലനായ്ക്ക വിഭാഗത്തിൽ ഇപ്പോൾ അഞ്ഞൂറിൽത്താഴെ ആളുകളേയുള്ളൂ. ആദിവാസി ക്ഷേമത്തിനായി സർക്കാർ ചെലവഴിക്കുന്നതൊന്നും ഇവരുടെ കോളനികളിലെത്താറില്ല. ഊരുകളിലും ഗുഹകളിലുമൊക്കെയാണ് ഇപ്പോഴും പ്രസവം നടക്കുന്നത്. ആശുപത്രികൾ കണ്ടിട്ടുപോലുമില്ലാത്തവരാണു മാഞ്ചീരി കോളനിയിലുള്ളത്. ഇതേ കോളനിയിൽ ഭർതൃമതിയായ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചശേഷം മറ്റു പലർക്കും കാഴ്ചവച്ച ജീപ്പ് ഡ്രൈവർ മുമ്പ് അറസ്റ്റിലായിരുന്നു.മാഞ്ചീരി, പാട്ടക്കരിമ്പ് , മുണ്ടക്കടവ് കോളനികളിൽഇപ്പോഴും അവിവാഹിത അമ്മമാരുണ്ട്. വനത്തിൽ കൂപ്പുജോലിക്കും മറ്റുമായി എത്തുന്നവരുടെ ഇരകളാണിവർ. ആദിവാസി സ്ത്രീകൾക്കു മദ്യം നൽകിയാണു പലപ്പോഴും പീഡനത്തിന് ഇരയാക്കുന്നത്. അമ്പുമല, പ്ലാക്കൽചോല, അപ്പൻകാപ്പ്, സുൽത്താൻപടി തുടങ്ങിയ ആദിവാസി കോളനികളിൽ പുറത്തുനിന്നുള്ളവർ ദുരുദ്ദേശ്യത്തോടെ കടക്കുന്നതായും പരാതിയുണ്ട്.