സാമ്പത്തിക പ്രശ്നങ്ങളോ ഗൗരവമായ മറ്റെന്തെങ്കിലും കാരണങ്ങളോ ഇല്ല: മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കില്ല: തൃപ്പൂണിത്തുറയിൽ മെട്രോ റെയിൽ പാളത്തിൽ നിന്ന് ചാടി മരിച്ച നിസാറിന് എന്തു പറ്റി ? നിസാറിന്റെ മരണം ഒരു ഫ്ലാഷ് ബാക്ക് .

Spread the love

മലപ്പുറം: അപ്രതീക്ഷിതമായിട്ടായിരുന്നു നിസാറിന്റെ മരണം. ഈ രീതിയില്‍ നിസാർ ജീവനൊടുക്കിയതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.
പൊതുവില്‍ ശാന്തപ്രകൃതക്കാരനായ ഇദ്ദേഹം ജീവനൊടുക്കാൻ വിചിത്രമായ വഴി തേടിയത് എന്തിനാണെന്ന സംശയത്തിലാണ് പ്രിയപ്പെട്ടവരെല്ലാം.
തിരൂരങ്ങാടി നഗരസഭയില്‍, ടൗണില്‍നിന്ന് നാലുകിലോമീറ്ററോളം മാറിയാണ് നിസാറിന്റെ വീട്. എറണാകുളത്ത് ജോലി ശരിയായിട്ടുണ്ടെന്നുപറഞ്ഞ് രണ്ടുദിവസം മുൻപാണ് വീടുവിട്ടുപോയത്.

പോകുന്നതിനുമുൻപ് നാട്ടില്‍ പെയിന്റിങ് ജോലി ചെയ്തിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കാറ്ററിങ് സ്ഥാപനങ്ങളിലും ജ്യൂസ് കടകളിലും ഹോട്ടലുകളിലും മാറിമാറി ജോലിചെയ്തിരുന്നു. നിലവില്‍ ഇദ്ദേഹത്തിന് വലിയ സാമ്പത്തികപ്രശ്നങ്ങളോ ഗൗരവമായ മറ്റെന്തെങ്കിലും കാരണങ്ങളോ ഉള്ളതായി അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും അറിവില്ല.
മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്ന ആളല്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഇദ്ദേഹം കുറച്ചുനാളുകളായി വിവാഹത്തിനു ശ്രമിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

തികച്ചും സാധാരണ കുടുംബത്തിലെ അംഗമായ നിസാർ എന്തിനാണ് പകല്‍വെളിച്ചത്തില്‍ എല്ലാവരേയും സാക്ഷിയാക്കി ഇങ്ങനെയൊരു ദുരന്തത്തിലേക്ക് സ്വയം കയറിച്ചെന്നതെന്ന ഉത്തരമില്ലാ ചോദ്യത്തിനുമുൻപില്‍ പകച്ചുനില്‍ക്കുകയാണ് നാട്ടുകാരും ബന്ധുമിത്രാദികളും.
ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ റെയില്‍പ്പാളത്തില്‍നിന്ന് താഴേക്കുചാടിയ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎല്‍) ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കെഎംആർഎല്‍ ഡയറക്ടറുടെ (സിസ്റ്റംസ്) നേതൃത്വത്തിലായിരിക്കും അന്വേഷണം. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശ്ശേരി നിസാർ (32) ആണ് മരിച്ചത്.

സുരക്ഷാസംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെഎംആർഎല്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മെട്രോയ്ക്ക് ടിക്കറ്റെടുത്ത് തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമില്‍ നിസാർ എത്തിയത്. തുടർന്ന് റെയില്‍പ്പാളത്തിലേക്ക് ഇറങ്ങി. ഇതുകണ്ട് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ വിസില്‍ മുഴക്കുകയും യുവാവിനോട് കയറാൻ പറയുകയും ചെയ്തു.

യുവാവ് ഓടി ജീവനക്കാർക്ക് കയറാനുള്ള കോവണിപ്പടി ഭാഗത്തുകൂടി മുകളിലേക്ക് കയറുകയായിരുന്നുവെന്ന് മെട്രോ ജീവനക്കാർ പറഞ്ഞു. തുടർന്ന് റെയിലിന്റെ വൈദ്യുതിബന്ധം അധികൃതർ വിച്ഛേദിച്ചു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നിസാറിനെ അനുനയിപ്പിച്ച്‌ താഴെ ഇറക്കാനുളള ശ്രമങ്ങള്‍ നടത്തിയെങ്കിലും യുവാവ് താഴേക്കുചാടി. മെട്രോ സ്റ്റേഷന് കുറച്ചുമാറി എസ്‌എൻ ജങ്ഷൻ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്ത് റോഡിലാണ് യുവാവ് വീണത്.

തൊട്ടു ചേർന്ന് ഫയർഫോഴ്സധികൃതർ രക്ഷിക്കാൻ വലയുമായി നില്‍ക്കുന്നുണ്ടായിരുന്നെങ്കിലും നിസാറിനെ വലയില്‍ പിടിക്കാനായില്ല. ഏകദേശം 38 അടി ഉയരത്തില്‍നിന്നാണ് യുവാവ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ സമീപമുള്ള വികെഎം ആശുപത്രിയിലെത്തിച്ചു. അവിടെ പ്രഥമശുശ്രൂഷ നല്‍കി എറണാകുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം കൊച്ചി മെട്രോ സർവീസ് ഭാഗികമായി നിലച്ചു. താഴെ വാഹനഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു. സംഭവത്തില്‍ കൊച്ചി മെട്രോ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എറണാകുളത്ത് ഒരു കടയില്‍ ജോലി ശരിയായിട്ടുണ്ടെന്നു പറഞ്ഞ് മൂന്നുദിവസം മുൻപാണ് നിസാർ വീട്ടില്‍നിന്നു പോയത്. മുൻപ് ചില കാറ്ററിങ് സ്ഥാപനങ്ങളിലും ജ്യൂസ് കടകളിലും ഹോട്ടലുകളിലും ജോലിചെയ്തിരുന്നു. കുഞ്ഞുമൊയ്തീന്റെയും സുലൈഖയുടെയും മകനാണ് നിസാർ. സഹോദരങ്ങള്‍: ഫൈസല്‍, റംഷീദ്, സഫീന.